കരുതൽ മേഖല: ഇന്നലെയും ആപ്പ് പണിമുടക്കി; ജിയോ ടാഗിങ് നടന്നില്ല
text_fieldsസുൽത്താൻ ബത്തേരി: വിവര ശേഖരണത്തിന്റെ അവസാന ദിവസവും അസറ്റ് മാപർ പണിമുടക്കിയതോടെ ശനിയാഴ്ചയും കരുതൽ മേഖലയുമായി ബന്ധപ്പെട്ട ഫീൽഡ് പ്രവർത്തനങ്ങൾ ജില്ലയിൽ മിക്കയിടത്തും നടന്നില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ലഭിച്ച പരാതികൾ പൂർണമായി അപ്ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
തിരുനെല്ലി ഉൾപ്പെടെയുള്ള ചില തദ്ദേശ സ്ഥാപനങ്ങളിൽ ഫീൽഡ് സർവേയും ഇതുവരെ പൂർത്തിയായിട്ടില്ല. മാനന്തവാടി, സുൽത്താൽ ബത്തേരി നഗരസഭകളും നൂൽപുഴ, പൊഴുതന, തരിയോട്, നെന്മേനി, പൂതാടി, പുല്പള്ളി, മുള്ളൻകൊല്ലി, തിരുനെല്ലി ഗ്രാമപ്പഞ്ചായത്തുകളിലുമാണ് ജില്ലയിൽ കരുതൽമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നത്.
മിക്ക തദ്ദേശ സ്ഥാപന അധികൃതരിലും കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമല്ല. സുൽത്താൻ ബത്തേരിയിൽ മൂവായിരത്തോളം പരാതികളാണ് ഇതിനകം ലഭിച്ചത്. മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്ക് പരിശീലനം നൽകിയിരുന്നെങ്കിലും ഇതിൽ പത്തോളം പോർക്ക് മാത്രമാണ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ നൽകാൻ സാധിച്ചത്.
സെർവർ തകരാറു കാരണം കഴിഞ്ഞ രണ്ടു ദിവസം മാത്രമാണ് അപ്ലോഡ് നടപടികൾ തുടങ്ങിയത്. ഇതുവരെ 300 പരാതികൾ മാത്രമാണ് അപ്ലോഡ് ചെയ്യാൻ സാധിച്ചത്. സുൽത്താൻ ബത്തേരി നഗരസഭയിൽ വീട്, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങി 13864 നിർമിതികൾ ഉള്ളതായാണ് നഗരസഭയുടെ പ്രാഥമിക കണക്ക്.
തിരുനെല്ലി പഞ്ചായത്തിൽ ഫീൽഡ് സർവേയിലൂടെ 2962 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികളെല്ലാം അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അപ്ലോഡ് ചെയ്തതൊക്കെ സേവ് ആയോ എന്നറിയില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ പറഞ്ഞു. തരിയോട് ഗ്രാമപഞ്ചായത്തിൽ ലഭിച്ച 36 പരാതികൾ അപ്ലോഡ് ചെയ്യാൻ സാധിച്ചതായി പ്രസിഡന്റ് വി.ജി. ഷിബു പറഞ്ഞു.
നെന്മേനി പഞ്ചായത്തിൽ 222 പരാതികളാണ് ഔദ്യോഗികമായി ലഭിച്ചതെന്നും എന്നാൽ 350 മുതൽ 400വരെ പരാതികൾ വരാനിടയുണ്ടെന്നും പ്രസിഡന്റ് ഷീല പുഞ്ചവയൽ പറഞ്ഞു. സർക്കാർ നൽകിയ അവസാന തീയതിക്ക് മുൻപായി ജിയോ ടാഗ് ചെയ്യാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി വെള്ളിയാഴ്ച നൂറ് വളന്റിയർമാരെ ഇറക്കിയെങ്കിലും ആപ് പ്രവർത്തിക്കാത്തതിനാൽ ഒന്നും നടന്നിരുന്നില്ല.
ജിയോടാഗ് ചെയ്യേണ്ട അവസാന തീയതി ജനുവരി 31വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി നേതൃത്വം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇ-മെയിൽ സന്ദേശം അയച്ചു. ഒന്ന്, 10, 11 വാർഡുകളിലായി പുല്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് 875 പരാതികളാണ് ലഭിച്ചതെന്ന് പുല്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. മാനന്തവാടി നഗരസഭയിൽ പയ്യമ്പള്ളി വില്ലേജിലാണ് കരുതൽ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുള്ളത്.
500 പരാതികളാണ് ലഭിച്ചത്. ഇവ ക്രോഡീകരിച്ച് ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവലിന് കൈമാറി. മൊബൈൽ ആപ്പിൽ വിവരങ്ങൾ പൂർണമായി അപ്ലോഡ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്നാണ് വിവരങ്ങൾ നേരിട്ട് ഡി.എഫ്.ഒക്ക് കൈമാറിയതെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
വനംവകുപ്പിന് ലഭിച്ച പരാതികൾ സമർപ്പിച്ചു
കരുതൽ മേഖലയുമായി ബന്ധപ്പെട്ട് വനം വകുപ്പിന് ലഭിച്ച പരാതികൾ ഇക്കോ സെൻസിറ്റീവ് സോൺ നോഡൽ ഓഫിസറായ വൈൽഡ്ലൈഫ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സർക്കാറിന് സമർപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിനു പുറമേ മലബാർ, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെയും രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിന്റെയും (നാഗർഹോളെ ടൈഗർ റിസേർവ്) നിയന്ത്രണങ്ങളാണ് വയനാട്ടിലുണ്ടാവുക.
മലബാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പൊഴുതനയിൽനിന്ന് നാല്പത്തിയൊന്നും തരിയോടിൽനിന്ന് 37 പരാതികളും ലഭിച്ചതായാണ് വനം വകുപ്പിന്റെ കണക്ക്. പൊഴുതനയിൽ നിന്നുള്ള ഏഴു കെട്ടിടങ്ങളുടെ വിവരങ്ങൾ 41 ആപ്ലിക്കേഷനുകളിലായും തരിയോടിലെ 23 കെട്ടിടങ്ങളുടെ വിവരങ്ങൾ 37 ആപ്ലിക്കേഷനുകളിലായും അപ്ലോഡ് ചെയ്തു.
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആകെ 9472 പരാതികളാണ് ലഭിച്ചത്. അവ യഥാക്രമം സുൽത്താൻ ബത്തേരി നഗരസഭ (2967), നൂൽപ്പുഴ ( 1119), നെന്മേനി (222), പൂതാടി (567), പുല്പള്ളി (1514 ), മുള്ളൻകൊല്ലി (330), തിരുനെല്ലി (2071), മാനന്തവാടി നഗരസഭ (590), മീനങ്ങാടി (92) എന്നിങ്ങനെയാണ്. ഇതിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 2018 പരാതികൾ മാത്രമാണ് അസറ്റ് മാപ്പർ വഴി അപ്ലോഡ് ചെയ്യാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.