വാകേരിക്കടുത്ത് വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: വാകേരിക്കടുത്ത് കല്ലൂര്‍കുന്നിൽ ബുധനാഴ്ച വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതെന്ന് തോട്ടത്തിലെ തൊഴിലാളികള്‍ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് കടുവ എത്തിയിട്ടില്ലെന്നാണ്. എന്നാൽ, കടുവയെ കണ്ട നാട്ടുകാരായ ചിലർ അത് അംഗീകരിക്കുന്നില്ല.
ഏതാനും ദിവസം മുമ്പ് കല്ലൂർകുന്നിൽ വാകയിൽ സന്തോഷിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. നരഭോജി കടുവയാണ് പശുവിനെ കൊന്നത് എന്നായിരുന്നു വനംവകുപ്പ് അന്ന് പറഞ്ഞത്. കൂട്ടിൽ അകപ്പെട്ടതിനുശേഷമാണ് നരഭോജി കടുവയുടെ മുഖത്ത് ആഴത്തിൽ മുറിവുണ്ടെന്ന് മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ നരഭോജി കടുവയല്ല കല്ലുർകുന്നിലെ പശുവിനെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങളായി മേഖലയിൽ വേറെ കടുവ ഉണ്ടായിരിക്കണം. കല്ലൂർകുന്നിന്റെ ഒരു ഭാഗം മുഴുവൻ റിസർവ് വനമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളും ഇവിടെയുണ്ട്. അതിനാൽ കടുവകൾ ഇവിടെ തുടർച്ചയായി എത്താനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.