നൂൽപ്പുഴ പഞ്ചായത്ത് ഷിഗല്ല ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലേക്ക് ഷിഗല്ല രോഗം പടരാനുള്ള സൂചനകൾ അധികൃതരെ ആശങ്കയിലാക്കുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളും ഉൾപ്പെടുത്തിയുള്ള പ്രതിരോധ നടപടികൾ അടുത്ത ദിവസം തുടങ്ങുമെന്ന് പ്രസിഡൻറ് ഷീജ സതീഷ് പറഞ്ഞു. ഏപ്രിൽ രണ്ടിന് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറ് വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയെങ്കിലും വ്യാഴാഴ്ച നാഗരംചാൽ കോളനിയിലെ അറുപത് വയസ്സുള്ള സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരുമോ എന്ന ആശങ്കയുണ്ട്.
പിലാക്കാവിൽ കുട്ടി മരിച്ചതിന് ശേഷം കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്തിയിരുന്നു. ഒ.ആർ.എസ് പൊടി വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവയും നടത്തി. വിവിധ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. നാഗരംചാലിൽ രോഗം സ്ഥിരീകരിച്ചതോടെ മൈക്ക് അനൗൺസ്മെൻറ്, നോട്ടീസ് വിതരണം എന്നിവ തുടങ്ങി.
നാഗരംചാലിൽ രോഗം ബാധിച്ച സ്ത്രീ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുമ്പ് പാട്ടവയലിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടത്തെ ജലത്തിൽ നിന്നാണോ രോഗം ബാധിച്ചതെന്ന സംശയമുണ്ട്. അങ്ങനെയെങ്കിൽ പിലാക്കാവിൽ രോഗം വന്നതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. രോഗം സ്ഥിരീകരിച്ച രണ്ടിടങ്ങളിലും കിണറുകളിലെ വെള്ളം അത്ര 'തെളിഞ്ഞ' അവസ്ഥയിലല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.