ഡോക്ടർമാരുടെ കുറവ്; താലൂക്ക് ആശുപത്രിയിൽ ഒ.പി പരിശോധനക്ക് പെടാപ്പാട്
text_fieldsസുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒ.പി പരിശോധനക്ക് രോഗികൾക്ക് പെടാപ്പാട്. ഡോക്ടർമാരുടെ കുറവും അനാസ്ഥയും രോഗികളെ വലക്കുകയാണ്. ഗത്യന്തരമില്ലാതെ മറ്റ് ആശുപത്രികളെ തേടിപ്പോകുന്നതും പതിവായി.
ദിവസവും രാവിലെ 11 ആകുമ്പോഴേക്കും 500ലേറെ രോഗികൾ എത്താറുണ്ട്. തിങ്കളാഴ്ച പ്രധാന ഒ.പിയിൽ മൂന്നു ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ കൃത്യമായി രോഗികളെ നോക്കിയത് ഒരാൾ മാത്രം. സ്പെഷലിസ്റ്റ് ഒ.പിയിൽ ദന്ത ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇ.എൻ.ടി, എല്ല് ഡോക്ടർമാരെ കാണാൻ നിരവധി രോഗികൾ എത്തിയിരുന്നുവെങ്കിലും ഡോക്ടർമാർ വൈകി എത്തുകയും നേരത്തേ പോകുകയും ചെയ്തു. ഇതോടെ നിരവധി രോഗികൾക്ക് മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിയും വന്നു.
ആശുപത്രിയുടെ പഴയ ബ്ലോക്കിലാണ് ഇപ്പോൾ ഒ.പി പ്രവർത്തിപ്പിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്ത ഇവിടെ കുറെ കസേരകളും നിരത്തിയിട്ടുണ്ട്. പരിശോധന മുറിക്ക് മുന്നിൽ രോഗികൾ തിങ്ങിനിൽക്കുകയാണ്. മണിക്കൂറുകൾ കാത്തുനിന്ന നിരവധി രോഗികൾ തിങ്കളാഴ്ച തളർന്നുവീണ സാഹചര്യമുണ്ടായി. ഒ.പി ബ്ലോക്ക് പഴയ കെട്ടിടത്തിലേക്ക് തന്നെ താൽക്കാലികമായി മാറ്റിയതിന് അധികാരികൾ പല ന്യായങ്ങളും പറയുന്നുണ്ടെങ്കിലും രോഗികൾക്ക് അനുഭവിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ്. സമീപത്ത് ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ ഉള്ളപ്പോഴാണ് ഒ.പി രോഗികൾക്ക് അതിന്റെ ഗുണം കിട്ടാതെവരുന്നത്. ഇ.എൻ.ടി, കുട്ടികളുടെ വിഭാഗം, എല്ല്, ഗൈനക്കോളജി എന്നിങ്ങനെയുള്ള സേവനങ്ങൾ പ്രതീക്ഷിച്ചാണ് കൂടുതൽ രോഗികൾ എത്തുന്നത്. എന്നാൽ, കൃത്യമായ പരിശോധന ലഭ്യമാകാൻ സ്വകാര്യ ക്ലിനിക്കുകളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. മുനിസിപ്പാലിറ്റിയിലാണെങ്കിലും ആശുപത്രി നിയന്ത്രണം ബത്തേരി ബ്ലോക്ക് പഞ്ചായത്തിനാണ്. ഒ.പി കാര്യക്ഷമമാക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തര ശ്രദ്ധയാണ് ഉണ്ടാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.