സുൽത്താൻ ബത്തേരിയിലുണ്ട് ഒരോർമ സ്തംഭം; പണ്ടത്തെ പേര് സൈറൺ
text_fieldsസുൽത്താൻ ബത്തേരി: സമയമറിയാൻ വാച്ച് പോലും അപൂർവമായിരുന്ന കാലം. സൈറൺ ശബ്ദത്തിൽ സമയം കണക്കാക്കി ദിനചര്യകൾ നടത്തിയിരുന്ന കാലം സുൽത്താൽ ബത്തേരിക്കുമുണ്ടായിരുന്നു. ശബ്ദം നിലച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും സൈറൺ ചരിത്രശേഷിപ്പ് പോലെ സുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഇന്നും അവശേഷിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിനു മുന്നിലെ ചുള്ളിയോട് റോഡിൽ നിന്ന് നോക്കിയാൽ പുതു തലമുറക്ക് അന്യമായ സൈറൺ കാണാം.
80കളിലായിരുന്നു സൈറൺ സുൽത്താൻ ബത്തേരി നഗരത്തേയും പരിസര പ്രദേശങ്ങളേയും സമയം ഓർമപ്പെടുത്തിയത്. കല്ലുവയൽ, ബീനാച്ചി, കുപ്പാടി, ബ്ലോക്കോഫിസ്, കൈപ്പഞ്ചേരി എന്നിവിടങ്ങളിലൊക്കെ സൈറൺ ശബ്ദമെത്തി. രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനുമായിരുന്നു സൈറൺ മുഴങ്ങിയിരുന്നത്. പ്രധാനമായും തോട്ടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്കായിരുന്ന ഇതിന്റെ ഗുണം. വ്യപാര സ്ഥാപനങ്ങളും സൈറന്റെ ഓർമപ്പെടുത്തൽ ഉപയോഗപ്പെടുത്തി. പതുക്കെ തുടങ്ങുന്ന ശബ്ദം, പിന്നീട് കൂടി, കുറഞ്ഞു വരും.
രണ്ട് മിനിറ്റ് വരെ നീളും. മുകളിലെ ചക്രം കറങ്ങുന്നതിനനുസരിച്ചാണ് വിവിധ ദിശകളിലേക്ക് ശബ്ദമെത്തുന്നത്. ദീർഘകാലം സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.സി. അഹമ്മദ് ഹാജിയാണ് അന്നത്തെ വലിയ ആവശ്യമായിരുന്ന സൈറൺ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. 1991ലാണ് അവസാനമായി പ്രവർത്തിപ്പിച്ചതെന്ന് അക്കാലത്ത് സുൽത്താൻ ബത്തേരി പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരനായിരുന്ന ബീനാച്ചി സ്വദേശി ഹുസൈൻ പറഞ്ഞു. ടൗൺ വികസിക്കുകയും പഴയ ബസ് സ്റ്റാൻഡ് പരിസരം കച്ചവട സ്ഥാപനങ്ങൾ കൊണ്ട് നിറയുകയും ചെയ്തതോടെ 91ൽ ചില കോണുകളിൽ നിന്നും എതിർപ്പുണ്ടായി. വലിയ ശബ്ദമായിരുന്നു പ്രശ്നം. കഴിഞ്ഞ 33 വർഷമായി സൈറൺ ഒരിക്കൽപോലും ശബ്ദിച്ചിട്ടില്ല.
പുതിയ ബസ് സ്റ്റാൻഡ് പണിയാനുള്ള ആലോചനകൾ സുൽത്താൻ ബത്തേരി നഗരസഭ നടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴുള്ള പഴയ ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചു നീക്കാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.