നൂൽപുഴയിൽ പുതിയ പരീക്ഷണം; കാട്ടാനകളെ പ്രതിരോധിച്ച് സോളാർ ലൈറ്റ്
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ വടക്കനാട് കാട്ടാനകളെ പ്രതിരോധിക്കാൻ സോളാർ ലൈറ്റ് പരീക്ഷണം. പ്രതിരോധം പൂർണ വിജയമാണോ എന്നറിയാൻ ഇനിയും ഒരു മാസംകൂടി കഴിയണം.
'പീക്ക് രക്ഷ' എന്നപേരിൽ ഒഡിഷയെ മാതൃകയാക്കിയുള്ള സംവിധാനമാണ് വടക്കനാട് ഒരുക്കിയിട്ടുള്ളത്. അള്ളവയൽ എന്ന സ്ഥലത്ത് ഒരുകിലോമീറ്റർ ദൂരത്തിൽ 28 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പത്തടി ഉയരമുള്ള പോസ്റ്റിൽ എട്ടടി ഉയരത്തിൽ ഇതിനായി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു.
രാത്രി ഇത് പ്രകാശിക്കുന്നതോടെ കാട്ടാനകൾ അടുക്കില്ലെന്നാണ് ലൈറ്റുകൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ നിർത്തട വികസന സമിതി പ്രസിഡൻറ് കെ.ടി. കുര്യാക്കോസ് പറയുന്നത്.
സ്വാമിനാഥൻ ഫൗണ്ടേഷനാണ് ബൾബുകൾ സ്ഥാപിച്ചത്. അള്ളവയൽ വഴിയാണ് വടക്കനാട് ഭാഗത്തേക്ക് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ ഒന്നര മാസമായി ആനശല്യത്തിന് കാര്യമായ കുറവുണ്ടായെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. എൽ.ഇ.ഡി ബൾബ് സംവിധാനം മാൻ, കാട്ടാട്, പന്നി എന്നിവയെ പ്രതിരോധിക്കാനും കഴിയുമെന്നാണ് പരിസരവാസികളുടെ പ്രതികരണം. എട്ടടി ഉയരത്തിലാണ് ആനയെ പ്രതിരോധിക്കാൻ ബർബ് സ്ഥാപിക്കുന്നതെങ്കിൽ മാനിന് നാലടി മതി. പന്നിക്കാകുമ്പോൾ രണ്ടടി ഉയരത്തിൽ വേണം.
മൃഗങ്ങളുടെ കണ്ണിലേക്ക് വെളിച്ചമടിക്കണം. തുടർച്ചയായി കത്തുന്നതിന് പകരം മിന്നിമിന്നി തെളിയുന്ന രീതിയാണ്. ഇത് മൃഗങ്ങൾക്ക് അസഹനീയമായി തോന്നുകയും തിരിച്ചുപോകുകയുമാണ് ചെയ്യുക. വടക്കനാട് ഒരു കിലോമീറ്ററിൽ 28 ബൾബുകൾ സ്ഥാപിച്ചപ്പോൾ ഒന്നര ലക്ഷം രൂപയിൽ താഴെയാണ് ചെലവ്.
കാട്ടാന പ്രതിരോധ സംവിധാനത്തിൽ ഇത് വളരെ ചെറിയ തുകയാണ്. റെയിൽവേലിക്ക് ഒരു കിലോമീറ്ററിന് ഒരു കോടിയോളം വരും. വൈദ്യുതിവേലിക്ക് 50 ലക്ഷത്തിനടുത്തും.
വടക്കനാട്ടെ സംവിധാനം പൂർണ വിജയത്തിലെത്തിയാൽ കാട്ടാന പ്രതിരോധത്തിൽ വലിയ ചുവടുവെപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.