നാടിന് നടുക്കമായി വിദ്യാർഥികളുടെ മരണം
text_fieldsസുല്‍ത്താന്‍ ബത്തേരി: നെന്‍മേനി ഗോവിന്ദൻമൂല ചിറയില്‍ വിദ്യാർഥികൾ മുങ്ങിമരിച്ചത് നാടിന് നടുക്കമായി. പതിവായി കുളിക്കാനും നീന്തല്‍ പഠിക്കാനുമെത്തുന്ന ചിറയില്‍ അപ്രതീക്ഷിതമായി മുങ്ങിമരിച്ച ഇരുവരുടെയും കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ഇതുവരെ ഞെട്ടലില്‍ നിന്നും മോചനവും ലഭിച്ചിട്ടില്ല.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് ചീരാല്‍ വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ മകന്‍ അശ്വന്ത്, കുപ്പാടി കുറ്റിലക്കാട്ട് സുരേഷ് ബാബുവിന്റെ മകന്‍ അശ്വിന്‍ എന്നിവര്‍ മുങ്ങിമരിച്ചത്. ഇവരടക്കം മൂന്നു കുട്ടികളാണ് ഗോവിന്ദമൂലയില്‍ എത്തിയത്.
പ്രവൃത്തിദിനമായ ചൊവ്വാഴ്ച സ്‌കൂളില്‍ പോകാതെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് എടക്കല്‍ ഗുഹ കാണാന്‍ എത്തിയതായിരുന്നു. ഗുഹസന്ദര്‍ശനശേഷമാണ് അമ്പുകുത്തിമലയുടെ കിഴക്കേ ചരുവിലുള്ള ഗോവിന്ദമൂല ചിറയില്‍ മൂവരും എത്തിയത്.
രണ്ടുപേര്‍ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന അശ്വന്തും അശ്വിനും വെള്ളത്തില്‍ അകപ്പെട്ടു. ഇവരെ രക്ഷിക്കാനായി കരയ്ക്കുണ്ടായിരുന്ന കൂട്ടുകാരന്‍ പ്രണവ് ബെല്‍റ്റ് ഊരി അവര്‍ക്കുനേരെ നീട്ടിയെങ്കിലും വിഫലമായി.
ഉടന്‍തന്നെ തൊട്ടടുത്തുള്ളവരെ വിളിച്ചുകൊണ്ടുവന്നശേഷം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് അഗ്‌നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയിലെ സ്‌കൂബാടീമിന്റെ തിരച്ചിലില്‍ നാലുമണിയോടെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലരയോടെ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ, സുൽത്താൻ ബത്തേരി അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ഓഫിസർമാരായ ഐ. ജോസഫ്, സി.ടി. സെയ്തലവി, ഒ.ജി. പ്രഭാകരൻ, കെ.എം. ഷിബു, കെ.സി. ജിജുമോൻ, എൻ.എസ്. അരൂപ്, കെ. ധനീഷ്, എ.ഡി. നിബിൽ ദാസ്, എ.ബി. സതീഷ്, അഖിൽ രാജ്, കെ. അജിൽ, കീർത്തിക് കുമാർ, കെ.എസ്. സന്ദീപ് എന്നിവരാണ് ചിറയിൽ തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.