പി.എം രണ്ടിന് ഇനി പഠന നാളുകൾ
text_fieldsസുൽത്താൻ ബത്തേരി: ബത്തേരിയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കാട്ടാന പി.എം രണ്ടിന് ഇനി പഠനത്തിന്റെ നാളുകളാണ്. കാത്തിരിക്കുന്നത് കുങ്കിയാന പദവിയും. മുത്തങ്ങയിലെ ആനപ്പന്തിയിലെ കൂട്ടിൽ വിദഗ്ധരായ പാപ്പാന്മാർ പറയുന്നത് അനുസരിക്കുകയേ ഇനി മാർഗമുള്ളൂ.
നേരത്തിന് ഭക്ഷണമാണ് വലിയ പ്രത്യേകത. കരിമ്പ്, ചോറ് എന്നിവയൊക്കെയുണ്ടാകും. പന്തല്ലൂർ ടൗണിൽ കടകളിൽ കയറി അരി തിന്ന് ശീലിച്ചതിനാൽ പി.എം രണ്ടിന് വേവിച്ച ചോറ് ഏറെ ഇഷ്ടപ്പെടുമെന്നാണ് വനപാലകരുടെ കണക്കുകൂട്ടൽ.
ഭാഷാ പഠനം മലയാളമാകുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് വനം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പല നാടുകളിൽനിന്നുള്ള പാപ്പാന്മാരുണ്ട്. പരിചരിക്കുന്നവരുടെ ഭാഷയാകും കൂടുതൽ പഠിക്കുക. കല്ലൂർ, വടക്കനാട് കൊമ്പന്മാർ ഒരു കാലത്ത് ആ മേഖലകളെ വിറപ്പിച്ചവരാണ്.
ഭരത്, വിക്രം എന്നിങ്ങനെയുള്ള പേരുകളിൽ അവരിപ്പോൾ മുത്തങ്ങയിലെ പ്രധാന കുങ്കിയാനകളാണ്. ബിഹാറിൽനിന്ന് കൊണ്ടുവന്ന ചന്ദ്രനാഥിന് ഹിന്ദിയോടായിരുന്നു താൽപര്യം. ഇപ്പോൾ മലയാളം പറഞ്ഞാലും അറിയാം. പി.എം. രണ്ടിന് തമിഴ് അറിയുമോ എന്നത് വ്യക്തമല്ല.
ആനയെ കാണാൻ വൻ ജനക്കൂട്ടം
സുൽത്താൻ ബത്തേരി: പി.എം രണ്ട് ആനയെ കാണാൻ വലിയ ജനക്കൂട്ടമാണ് കുപ്പാടി വനമേഖലയിൽ എത്തിയത്. സുൽത്താൻ ബത്തേരിയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെ പുൽപള്ളി റോഡിൽ ആർ.ആർ.ടി ഓഫിസിനടുത്തായിട്ടാണ് ജനം തടിച്ചുകൂടിയത്. വനത്തിലേക്ക് ആരേയും പ്രവേശിപ്പിച്ചില്ല. ഉച്ചക്ക് ഒരു മണിയോടെയാണ് ആനയെ കാട്ടിൽനിന്ന് മുത്തങ്ങയിലേക്ക് കൊണ്ടുപോയത്.
അഭിനന്ദനം അറിയിച്ച് വനം മന്ത്രി
കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ പി.എം രണ്ട് കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടാന്‍ രാപകലില്ലാതെ ജോലി ചെയ്ത ദൗത്യസംഘാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ വനം വകുപ്പ് ജീവനക്കാരെയും വനം മന്ത്രി എ.കെ. ശശീന്ദ്രന് അഭിനന്ദിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.