സുൽത്താൻ ബത്തേരി എക്സൈസ് ഓഫിസ് നിറഞ്ഞ് വാഹനങ്ങൾ
text_fieldsസുൽത്താൻ ബത്തേരി: എക്സൈസ് റേഞ്ച് ഓഫിസിനു മുന്നിൽ കേസിൽപെട്ട കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ വെയിലും മഴയുമേറ്റ് നശിക്കുന്നു. ലേലനടപടികൾ വേഗത്തിലാക്കി വാഹനങ്ങൾ വിറ്റാൽ സർക്കാറിന് വരുമാനം ഉണ്ടാക്കാം. ഓഫിസിനു മുന്നിലെ സ്ഥലപരിമിതിപ്രശ്നവും ഇതോടെ ഒഴിവാക്കാം.
60ലേറെ വാഹനങ്ങളാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫിസിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം വിലകൂടിയ കാറുകളാണ്.
ബൈക്കുകളും കണ്ടെയ്നർ ലോറികളുമുണ്ട്. വാഹനങ്ങൾ എല്ലാം നല്ല റണ്ണിങ് കണ്ടീഷൻ ഉള്ളതാണെന്ന് എക്സൈസ് അധികാരികൾ പറഞ്ഞു. മയക്കുമരുന്ന്, മദ്യം തുടങ്ങിയവ കടത്തിയതിനാണ് മിക്ക വാഹനങ്ങളും പിടിച്ചിട്ടുള്ളത്. മുപ്പതോളം വാഹനങ്ങൾ മയക്കുമരുന്ന് കേസിൽപെട്ടതാണ്. അതിനാൽ ഈ വണ്ടികൾ ലേലംചെയ്തുള്ള കൈമാറ്റമേ പാടുള്ളൂ. എന്നാൽ, മദ്യക്കടത്തിന് പിടിച്ചവ ഉടമസ്ഥന് പിഴ അടച്ചാൽ തിരികെ വാങ്ങാം. നടപടിക്രമങ്ങൾ ഏറെ പാലിക്കണമെന്നു മാത്രം. കഴിഞ്ഞ മാസം അഞ്ചു വാഹനങ്ങൾ ലേലംചെയ്തിരുന്നു. മൂന്നു കാറുകളും രണ്ടു ബൈക്കുകളും ഉൾപ്പെടും.
പഴയതിൽനിന്ന് വ്യത്യസ്തമായി ഓൺലൈൻ ലേലമാണ് ഇപ്പോൾ നടക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാമെന്നതാണ് ഗുണം. എന്നാൽ, നേരിട്ടുള്ള ലേലത്തിന്റെ അത്രയും ജനപങ്കാളിത്തം ഇതിന് ഉണ്ടാവില്ല.
സുൽത്താൻ ബത്തേരി ടൗണിൽനിന്ന് അഞ്ചു കിലോമീറ്ററോളം മാറി പുൽപള്ളി റോഡിൽ കുപ്പാടി തടി ഡിപ്പോക്ക് അപ്പുറമാണ് എക്സൈസ് ഓഫിസുള്ളത്. പഴയ ഒരു വീട് വാടകക്കെടുത്താണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇനി വാഹനങ്ങൾ പിടിച്ചാൽ റോഡിൽ നിർത്തിയിടേണ്ടിവരും. 25ഓളം ജീവനക്കാർ ഇവിടെയുണ്ട്. ഓഫിസിന്‍റെ സൗകര്യക്കുറവ് ഇവരെ ബുദ്ധിമുട്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.