'തലതിരിഞ്ഞ' വരയിൽ ഏഷ്യൻ റെക്കോഡുമായി സുമേഷ്
text_fieldsകോവിഡ് കാലത്തെ വിരസതയകറ്റാൻ തുടങ്ങിയ ചിത്രം വരയിലൂടെ ഏഷ്യൻ റെക്കോഡ് നേടിയെടുക്കാനായതിെൻറ സന്തോഷത്തിലാണ് വിദ്യാർഥിയായ സുമേഷ് സുധാകരൻ. വീട്ടിലിരുന്ന് വരച്ച ചിത്രങ്ങൾക്കാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം കിട്ടിയത്. മുട്ടിൽ ഡബ്ലു.എം.ഒ കോളജിലെ എം.കോം വിദ്യാർഥിയായ സുമേഷ് പുൽപള്ളി മീനംകൊല്ലിക്കടുത്ത് പ്ലാങ്കുടി സുധാകരെൻറയും ഉഷയുടെയും മകനാണ്.
മാർക്കർ പേന ഉപയോഗിച്ച് ചാർട്ട് പേപ്പറിലാണ് ചിത്രം വരക്കുന്നത്. ഏഷ്യയിലെ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റൻമാരുടെ ചിത്രം തലതിരിച്ച് വരച്ചതിനാണ് നേട്ടം. വിരാട് കൊഹ്‌ലി (ഇന്ത്യൻ ക്യാപ്റ്റൻ), ദിമുത്ത് കരുണരത്‌നെ (ശ്രീലങ്ക ക്യാപ്റ്റൻ), അസ്ഗർ അഫ്ഗാൻ ഖാൻ (അഫ്ഗാനിസ്താൻ), ബാബർ ആസം (പാകിസ്താൻ), ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) എന്നിവരുടെ ചിത്രങ്ങളാണ് നിശ്ചിത മിനിറ്റുകൾക്കുള്ളിൽ തല തിരിച്ച് വരക്കുന്നത്. ചെറുപ്പത്തിൽ ചിത്രരചന അഭ്യസിച്ചിട്ടുണ്ടെങ്കിലും വര കാര്യമായി എടുത്തിരുന്നില്ല. കോവിഡ് കാലത്ത് വെറുതെ ഇരുന്നുള്ള മുഷിപ്പ് അകറ്റാനാണ് വീണ്ടും ചിത്രരചനയിലേക്ക് തിരിഞ്ഞത്. വരച്ച ചിത്രങ്ങൾ തലതിരിച്ച് വീണ്ടും വരച്ചപ്പോൾ കൂട്ടുകാർക്ക് അത്ഭുതം.
വിയറ്റ്നാമിലെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ചിത്രം വരക്കുന്നതിൻെറ വിഡിയോ അയച്ചുകൊടുത്തു. തുടർന്ന് പല ഘട്ടങ്ങൾ കഴിഞ്ഞാണ് റെക്കോഡ്സിലേക്ക് എത്തുന്നത്. പുൽപള്ളി പഴശ്ശിരാജയിൽ പഠിക്കുമ്പോൾ എൻ.സി.സിയുടെ അണ്ടർ ഓഫിസറായിരുന്നു. റുബിക്സ് ക്യൂബ് ഏതാനും സെക്കൻഡിനുള്ളിൽ സോൾവ് ചെയ്യാനുള്ള കഴിവും സുമേഷിനുണ്ട്. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുധീഷ്, ബിരുദ വിദ്യാർഥിനിയായ സുമി എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.