ബത്തേരി നഗരസഭ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം
text_fieldsസുൽത്താൻ ബത്തേരി: നഗരസഭയുടെ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. നിരവധി പേർക്ക് ഛർദിയും വയറിളക്കവും ബാധിച്ചതോെട സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരെല്ലാവരും ഭീതിയിലാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ. സംസ്ഥാന സർക്കാർ നിർദേശാനുസരണം മുനിസിപ്പാലിറ്റി പരിധിയിലെ അതിദരിദ്രരെ കണ്ടെത്താൻ നടത്തുന്ന സർവേയുടെ ഭാഗമായി സുൽത്താൻബത്തേരി നഗരസഭയിലെ അംഗൻവാടി അധ്യാപികമാർ, ആശ വർക്കർമാർ, മെംബർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർക്കായിരുന്നു ടൗൺ ഹാളിൽ ബുധനാഴ്ച സെമിനാർ നടത്തിയത്.
250ഓളം പേർ പങ്കെടുത്തു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ചിലർക്ക് വ്യാഴാഴ്ചയാണ് ഛർദി ഉണ്ടായതെങ്കിൽ ശനിയാഴ്ച അസ്വസ്ഥത തുടങ്ങിയവരുണ്ട്.
സെമിനാറിൽ രാവിലെ ചായയും പലഹാരവും വിതരണം ചെയ്തിരുന്നു. ഉച്ചക്ക് ചോറ്, സാമ്പാർ, മീൻ കറി എന്നിവയുണ്ടായിരുന്നു. ഇത് കഴിച്ചവരിൽ പലർക്കും അസ്വസ്ഥതയുണ്ട്. വീട്ടിലെ ഭക്ഷണത്തിെൻറ പ്രശ്നമാണെന്ന് കരുതിയവർ പലരും സെമിനാറിൽ പങ്കെടുത്തവരുമായി പ്രശ്നം ചർച്ച ചെയ്തതോടെയാണ് ഗൗരവം മനസ്സിലാകുന്നത്. ഏതാനും പേർ സ്വന്തം നിലയിൽ ആശുപത്രിയിൽ പോയി.
സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ചിലരിൽ അസ്വസ്ഥത ശ്രദ്ധയിൽപെട്ടതായി നഗരസഭ ചെയർമാൻ ടി.കെ. രമേശ് പറഞ്ഞു. ഭക്ഷണത്തിലെ തകരാറാണോയെന്ന് പഠിച്ചതിനു ശേഷം നടപടി എടുക്കുമെന്ന് ചെയർമാൻ പറഞ്ഞു.
'ഭക്ഷ്യവിഷബാധയേറ്റവർക്ക് സഹായം നൽകണം'
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റവർക്ക് സഹായം നൽകണമെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നൂറോളം പേർ ചികിത്സയിലാണ്. എന്നാൽ സംഭവം മറച്ചുവെക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് അഡ്വ. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, അഷ്റഫ് കുന്നത്ത്, സണ്ണി നെടുംകല്ലേൽ, ഗഫൂർ, ലൂക്കോസ്, ശൈലജ സോമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.