ജനത്തെ ചുറ്റിച്ച് താളൂർ-ബത്തേരി റോഡ് നിർമാണം വാഹന ഗതാഗതം അവതാളത്തിൽ
text_fieldsസുൽത്താൻ ബത്തേരി: രണ്ടു വർഷത്തിലേറെയായി തുടരുന്ന താളൂർ -സുൽത്താൻ ബത്തേരി റോഡ് നിർമാണം യാത്രക്കാരെ ചുറ്റിക്കുന്നു. വാഹന ഗതാഗതം താളംതെറ്റിയതോടെ ജനം വലിയ പ്രതിഷേധത്തിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ റോഡ് പണി എന്ന് തീരുമെന്ന് ആർക്കും പറയാൻ പറ്റാത്ത സാഹചര്യമാണ്. രണ്ടുവർഷം മുമ്പാണ് റോഡ് നിർമാണം തുടങ്ങിയത്. തമിഴ്നാട്ടിലെ സേലത്തുള്ള പ്രത്യൻ ഇൻഫ്രാസ്ട്രക്ചേഴ്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
31.5 കോടി രൂപയായിരുന്നു അടങ്കൽ തുക. 15 മാസങ്ങൾ കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, പണി ഏറ്റെടുത്തവർ ഉപ കരാർ കൊടുക്കുകയും, അവർ നിർമാണം സമയബന്ധിതമായി നടക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
നിർമാണത്തിന്റെ ഭാഗമായി പഴയ റോഡ് കുത്തിപ്പൊളിച്ചതോടെ വാഹനഗതാഗതം തടസ്സപ്പെടുകയായിരുന്നു. മലങ്കര മുതൽ കോളിയാടി വരെയും, മാടക്കര മുതൽ താളൂർ വരെയുമാണ് റോഡ് കുത്തിപ്പൊളിച്ചത്. നിർമാണം വേണ്ട രീതിയിൽ നടക്കാതെ വന്നതോടെ വാഹനങ്ങളോടാൻ പറ്റാത്ത സാഹചര്യമുണ്ടായി. പഴയ റോഡിൽ നിന്നു കുത്തിപ്പൊളിച്ച ടാറും കല്ലുമെല്ലാം റോഡിൽ കൂട്ടിയിട്ടതും പ്രശ്നമായി. നിർമാണത്തിന്റെ ഭാഗമായി ഇടവിട്ട് കൽവർട്ടുകൾ നിർമിക്കേണ്ടതുണ്ട്. ഇതിന്റെ നിർമാണവും വേണ്ട രീതിയിൽ നടന്നില്ല. ഇപ്പോൾ മലങ്കര മുതൽ നെല്ലിച്ചോട് വരെ രണ്ടു കിലോമീറ്ററോളം ഉഴുതുമറിച്ചിട്ട അവസ്ഥയിലാണ്.
പല ഭാഗത്തും ഉയർന്നും താഴ്ന്നും കിടക്കുന്നതിനാൽ അപകടങ്ങളും ഇവിടെ പതിവാകുന്നു. കോളിയാടി മുതൽ മാടക്കര വരെയുള്ള ഭാഗത്ത് റോഡിന് ഉയരം വർധിപ്പിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് ഒരു പ്രവൃത്തിയും ഇതുവരെ നടന്നിട്ടില്ല. നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളും വൈദ്യുതിത്തൂണുകളും മാറ്റുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയുണ്ടായി.
ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ കൈപ്പത്തി പൊളിച്ചിട്ട റോഡിലെ വൈദ്യുതി കാലിൽ തട്ടി അറ്റുപോകുന്ന സാഹചര്യം വരെ ഉണ്ടായി. പഴയ കരാറുകാരനെ മാറ്റിയതോടെ ഇനി റോഡുണി പുതിയ കരാറുകാരനെ ഏൽപ്പിക്കേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങൾ എത്ര വേഗത്തിൽ നടക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും റോഡിന്റെ ഭാവി. 30 കോടിയിലേറെയാണ് ഇനിയും റോഡിനായി ചെലവാക്കാൻ ഉദ്ദേശിക്കുന്നത്. അതുവരെ റോഡിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി 40 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.