കാടിറങ്ങിയാൽ, കടുവകൾക്കിനി ഇവിടെ പരിചരണം
text_fieldsസുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പരിചരണ സംരക്ഷണകേന്ദ്രം സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് മുതല്‍ നൽകുമെന്നും മന്ത്രി പറഞ്ഞു.
ജീവന്‍ നഷ്ടപ്പെട്ടവര്‍, പരിക്കേറ്റവര്‍, കൃഷിനാശം സംഭവിച്ചവര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നൽകുക. ജില്ലയിലെ വിവിധ ഡിവിഷനുകള്‍ക്ക് കീഴിലായി 2018 മുതലുള്ള കുടിശ്ശിക തുകയായ ഒന്നര കോടി രൂപ അടുത്ത മാസം മുതല്‍ ഘട്ടംഘട്ടമായി വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതി ഉണ്ടെങ്കിലും തുക നിര്‍ണയിക്കുന്നത് വനംകുപ്പിന് പുറമെ കൃഷി വകുപ്പും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയവും അനുസരിച്ചാണ്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനത്തെയും വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. ഇതിന്റെ ഭാഗമായാണ് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പരിചരണ സംരക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. പ്രായാധിക്യം, രോഗങ്ങള്‍, പരിക്കുകള്‍ മുതലായവ മൂലം ജനവാസമേഖലകളില്‍ എത്തിപ്പെടുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. പരിസ്ഥിതിക്കെതിരായ ഭീഷണികളെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം. വൈദ്യുതിവേലി സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കുപ്പാടിയിലെ ഗജ ഐ.ബിയില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു.
പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് സി.സി.എഫ് വൈല്‍ഡ് ലൈഫ് കെ.വി. ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാര്‍, പി.സി.സി.എഫ് ഡി. ജയപ്രസാദ്, എ.സി.എഫ് ജോസ് മാത്യു, സി.എഫ്.ഐ. ജെ. ദേവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.