ചീരാലിൽ കടുവയെ തേടി യാത്ര തുടരുന്നു; പ്രത്യേക ദൗത്യസംഘവും തിരച്ചിലിന്
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തിലേറെയായി ചീരാൽ മേഖലയെ വിറപ്പിക്കുന്ന കടുവയെ തേടിയുള്ള വനസംഘത്തിന്റെ യാത്ര തുടരുന്നു. വ്യാഴാഴ്ച പ്രത്യേക ദൗത്യസംഘവും തിരച്ചിലിന് ഇറങ്ങിയിരിക്കുകയാണ്. അതിനാൽ അടുത്തുതന്നെ കടുവ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മറ്റ് ജില്ലകളിൽ നിന്നുള്ള ആർ.ആർ.ടി ടീമാണ് പുതുതായെത്തിയിട്ടുള്ളത്. ഇവരോടൊപ്പം ഡോക്ടർമാരുടെ സംഘവുമുണ്ട്. കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിൽ വെച്ചു തന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത്.
മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരെ സർവകക്ഷി സമരസമിതി നേരിട്ട് കണ്ടതോടെ കടുവയെ പിടികൂടാനുള്ള നീക്കത്തിന് കുറച്ചുകൂടി വേഗത കൈവന്നിട്ടുണ്ട്.
അതേസമയം, മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. കൃഷ്ണഗിരി മേപ്പേരിക്കുന്നിൽ വ്യാഴാഴ്ച കടുവ എത്തി. മേപ്പേരിക്കുന്ന് ഭയങ്കരംകുന്നിന് സമീപം പാതി ഭക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി.
സമീപത്ത് കടുവയുടെ കാൽപാടുകളുമുണ്ട്. പഴുക്കാത്തറ ബിനുവിന്റെ വീടിന് സമീപമാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ഇവിടെയും വനസേന കടുവക്കായി പ്രത്യേക അന്വേഷണമാണ് ഏതാനും ദിവസമായി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.