പാതിരിപ്പാലത്തെ പുതിയ പാലത്തിലെ കുഴി മുകൾപാളി പൊളിച്ചു നിർമിക്കും
text_fieldsസുൽത്താൻ ബത്തേരി: ദേശീയ പാതയിൽ പാതിരിപ്പാലത്തെ പുതിയ പാലത്തിന്‍റെ മുകൾ ഭാഗത്ത് കുഴി രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത വിഭാഗം കടുത്ത നടപടികൾ സ്വീകരിക്കുന്നു. പാലത്തിന്റെ മേൽഭാഗം പൂർണമായും പൊളിച്ചുമാറ്റി മാസ്റ്റിക് അസ്ഫാൾട്ടിന്റെ ഒരു പാളി നൽകി പാലം കുറ്റമറ്റതാക്കാനാണ് തീരുമാനം. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, സമരം നടത്തിയ നാട്ടുകാർക്കാണ് കഴിഞ്ഞ ദിവസം രേഖാമൂലം ഉറപ്പ് കൊടുത്തിരിക്കുന്നത്.
ദേശീയ പാതയിൽ പാതിരിപ്പാലത്ത് പുതുതായി നിർമിച്ച പാലത്തിൽ സ്ലാബ് തകർന്നത് കഴിഞ്ഞ ജൂലൈയിലാണ്. നിർമാണത്തിൽ അപാകത ആരോപിച്ച് പരിസരവാസികൾ രംഗത്ത് വന്നു. പ്രശ്നത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് ദേശീയ പാതയിൽ ഉപരോധ സമരവും നടത്തി.
രണ്ടു വർഷത്തിലേറെ എടുത്തു നിർമിച്ച പാതിരിപ്പാലത്തെ പുതിയപാലം എട്ടുമാസം മുമ്പാണ് തുറന്നു കൊടുത്തത്. നിരന്തരമായി വാഹനങ്ങൾ ഓടിയതോടെ പാലത്തിന്‍റെ മുകൾ ഭാഗത്ത് വലിയ കുഴിയുണ്ടായി. ഇതിനിടയിലൂടെ വാർപ്പ് കമ്പി ദൃശ്യമാകുകയായിരുന്നു.
കൃഷ്ണഗിരി ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കുഴിയുണ്ടായിരുന്നത്. ചിലയിടത്ത് ചെറിയ വിള്ളലുമുണ്ടായി. നാട്ടുകാർ സമരം ശക്തമാക്കിയതോടെ ദേശീയ പാത അധികൃതരെത്തി സ്ലാബിലെ കുഴി ഉൾപ്പെടെ വീണ്ടും കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.