കൈവട്ടമൂലയിൽ കടുവ സാന്നിധ്യം നാട്ടുകാർ ജാഗ്രതയിൽ
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിൽനിന്നും നാലു കിലോമീറ്റർ അകലെ കൈവട്ടമൂലയിൽ കടുവ എത്തിയതായി സംശയം. കഴിഞ്ഞ ദിവസം കടുവയെ പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു. വളർത്തു മൃഗങ്ങളുള്ളവർ ആക്രമണ ഭീതിയിലാണ് കഴിയുന്നത്. ബീനാച്ചി ഭാരതീയ വിദ്യാഭവൻ സ്കൂളിനടുത്താണ് കഴിഞ്ഞ ദിവസം പ്രദേശവാസിയായ ബിരുദ വിദ്യാർഥി കടുവയെ കണ്ടത്. സന്ധ്യക്ക് റോഡ് മുറിച്ചു കടന്ന് കൈവട്ടമൂല ഭാഗത്തേക്ക് കടുവ നീങ്ങുകയായിരുന്നു.
ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ നിന്ന് കടുവ പനമരം റോഡിന് കുറുകെ സഞ്ചരിക്കുന്നത് നാലു ദിവസം മുമ്പ് ബീനാച്ചിയിലെ ഒരു ഷോപ്പുടമയും കണ്ടു. അതിനാൽ പ്രദേശത്തെവിടെയെങ്കിലും കടുവ തങ്ങുന്നുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. സന്ധ്യമയങ്ങിയാൽ ഇടറോഡുകളിലൊന്നും കാൽനട സഞ്ചാരത്തിന് ആരും തയാറാകുന്നില്ല.
കവല വിജനമാകുന്നുണ്ട്. തെരുവു വിളക്കുകളുടെ അഭാവം ഇവിടെ വലിയ പ്രശ്നമാണെന്ന് നാട്ടുകാർ പറയുന്നു. ബീനാച്ചി, ചെതലയം കാടുകളോട് ചേർന്ന പ്രദേശമാണ് കൈവട്ടമൂല. ഒന്നര മാസം മുമ്പ് ഇവിടത്തെ കൈരളി നഗർ പ്രദേശത്ത് കടുവ വളർത്തു മൃഗങ്ങളെയും മാനിനേയും ആക്രമിച്ചിരുന്നു. അന്നു കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൈവട്ടമൂല, കൈരളി നഗർ, ബീനാച്ചി, കട്ടയാട് പ്രദേശങ്ങളിൽനിന്നും വനത്തിലേക്ക് കുറച്ചു ദൂരമേയുള്ളു. ഇതാണ് ഇവിടങ്ങളിൽ ഇടക്കിടെ കടുവ എത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.