ചീരാലിലെ കടുവ ഒളിച്ചു കളിക്കുന്നു; പിറകെ തോക്കുമായി വനപാലകസംഘം
text_fieldsസുൽത്താൻ ബത്തേരി: പശുക്കളെ ആക്രമിക്കുന്നത് പതിവാക്കിയ ചീരാലിലെ കടുവ ഒളിച്ചുകളി നടത്തുന്നു. പിറകെ തോക്ക് ഉൾപ്പെടെ സകല സന്നാഹവുമായി വനം വകുപ്പുണ്ട്. മൂന്ന് ദിവസമായിട്ടും വെടിയുതീർക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.
കരുവള്ളി, മുളവൻകൊല്ലി ഭാഗത്താണ് ശനിയാഴ്ച കടുവ എത്തിയിട്ടുള്ളത്. പിന്നീട് വനത്തിലേക്ക് നീങ്ങി. വനപാലക സംഘവും കടുവയുടെ പുറകെ നീങ്ങിയെങ്കിലും വെടിയുതീർക്കാനായില്ല. കുറ്റിക്കാടുകൾക്കിടയിലൂടെ മറഞ്ഞുനീങ്ങുന്ന കടുവയെ പിന്തുടരുക ആർ.ആർ.ടി അംഗങ്ങൾക്ക് ഏറെ ശ്രമകരമായ ദൗത്യമായിരിക്കുകയാണ്. മയക്ക് വെടിവെക്കുക പകൽ മാത്രമേ നടക്കുവെന്നാണ് വനപാലകരിൽനിന്നും ലഭിക്കുന്ന വിവരം.
ചീരാൽ വില്ലേജിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൂടുകൾ കടുവയെ പിടിക്കാനായി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടുകൾക്ക് സമീപം കടുവ എത്തിയെങ്കിലും ഉള്ളിൽ കയറാൻ തയ്യാറായില്ല. ഇതിന്‍റെ ചിത്രങ്ങൾ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. കൂട്ടിൽ മൂരിക്കിടാക്കളെയാണ് ഇരയായി വെച്ചിട്ടുള്ളത്.
തൊഴുത്തിൽ കയറി പശുക്കളെ ആക്രമിക്കുന്ന കടുവ കൂട്ടിലെ മൂരിക്കിടാവിനെ ആക്രമിക്കാൻ തയ്യാറാകാത്തത് വനം വകുപ്പിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. മുമ്പ് ജനവാസ കേന്ദ്രത്തിൽനിന്നും കൂടുവെച്ചു പിടികൂടിയ കടുവയായിരിക്കാം ചീരാലിൽ എത്തിയതെന്ന വ്യാഖ്യാനങ്ങൾ പുറത്തുവരുന്നുണ്ട്.
കൂടുവെച്ച് പിടികൂടിയ കടുവയെ വനം വകുപ്പ് ഉൾക്കാട്ടിൽ കൊണ്ടുപോയി തുറന്നു വിട്ടപ്പോൾ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതാകാൻ സാധ്യതയുണ്ട്. അതേസമയം, കടുവ വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. വില്ലേജ് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച് ഭീമഹരജിയായി വനം വകുപ്പ് മന്ത്രിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
തിങ്കളാഴ്ച മുതൽ ഒപ്പുശേഖരണം തുടങ്ങും. ചീരാൽ വില്ലേജിലെ മദ്റസകൾ, സ്കൂളുകൾ, തൊഴിലുറപ്പ് തൊഴിലാളി കേന്ദ്രങ്ങൾ എന്നിങ്ങനെ സകലയിടത്തും ഒപ്പുശേഖരണം നടത്തുമെന്ന് സർവകക്ഷി സമിതിയുടെ ചെയർമാൻ കെ.ആർ. സാജൻ പറഞ്ഞു.
ചീയമ്പത്ത് വീണ്ടും കടുവ; വളർത്തു നായെ ആക്രമിച്ചു
പുൽപള്ളി: ചിയമ്പം 73 കോളനിയിൽ വളർത്തു നായയെ കടുവ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വീട്ടുക്കാർ ബഹളം വെച്ചതിനെ തുടർന്ന് കടുവ കാപ്പിത്തോട്ടത്തിൽ ഓടി മറഞ്ഞു. 73 മേഖലയിലെ ശാന്ത രാജുവിന്റെ നായെയാണ് കടുവ ആക്രമിച്ചത്. ചീയമ്പം 73 കാപ്പിതോട്ട പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് കോളനിക്കാർ നേരത്തെ പറഞ്ഞിരുന്നു. മുമ്പും നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.