എടക്കാട് കടുവ പശുവിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ എടക്കാട് വയലിൽ കടുവയുടെ സാന്നിധ്യം. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എടക്കാട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പശുവിനെ കടുവ കൊന്നു. തെക്കേ പുന്നപള്ളിയിൽ വർഗീസിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ഉച്ചക്ക് 12 മണിയോടെ വയലിൽ കൃഷി പണി എടുത്തു കൊണ്ടിരുന്ന കർഷകനാണ് കടുവയെ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് പശുവിനെ ആക്രമിച്ചത്.
വർഗീസിന്റെ ഏക വരുമാന മാർഗമായിരുന്നു പശു. 18 ലിറ്റർ പാല് കൊടുത്തു കൊണ്ടിരുന്നതാണ്. തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ ചെന്നപ്പോൾ വർഗീസ് കടുവയെ കണ്ടു. കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ട് അന്താളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഭയന്ന് തിരിഞ്ഞോടിയാണ് വർഗീസ് രക്ഷപ്പെട്ടത്.
ഉടനെ വനംവകുപ്പ് സ്ഥലത്ത് എത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടയിൽ പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ എത്രയും പെട്ടെന്ന് കൂട് വെച്ച് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ടു. കാമറ വെച്ച് കടുവയെന്ന് ബോധ്യപ്പെട്ടതിനു ശേഷമേ കൂട് വെക്കൂ എന്നായിരുന്നു മറുപടി. ഇത് ചെറിയ രീതിയിൽ വാക്കേറ്റത്തിന് ഇടയാക്കി. പ്രദേശത്ത് സ്വകാര്യ റിസോർട്ട് ഉടമകളുടെ സ്ഥലം കാട് കയറി കിടക്കുന്നത് കടുവക്ക് തങ്ങാൻ അനുകൂല സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.