കിണറ്റിൽ വീണ കടുവയെ തുറന്നുവിട്ടു; ജനവാസ കേന്ദ്രത്തിന് സമീപമെന്ന് ആക്ഷേപം
text_fieldsസുൽത്താൻ ബത്തേരി: ബുധനാഴ്ച രാവിലെ മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ വനം വകുപ്പ് തുറന്നുവിട്ടു. ജനവാസ കേന്ദ്രമായ വള്ളുവാടി വനത്തോട് ചേർന്നാണ് തുറന്നുവിട്ടതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കടുവയെ തുറന്നുവിട്ടുവെന്നത് വനം വകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും സ്ഥലം വള്ളുവാടിയല്ലെന്നാണ് പറയുന്നത്. കടുവാശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിന്റെ നടപടി ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, മുത്തങ്ങയിൽനിന്ന് 16 കിലോമീറ്റർ ഉൾവനത്തിലാണ് കടുവയെ തുറന്നുവിട്ടതെന്ന് വനം അധികൃതർ പറഞ്ഞു. കടുവയെ തുറന്നുവിട്ട വാഹനം തിരിച്ചുവരുന്നത് കണ്ട് തെറ്റിദ്ധരിച്ചാണ് പലരും വള്ളുവാടി കാട്ടിലാണ് കടുവയെ തുറന്നുവിട്ടതെന്ന് കരുതിയിരിക്കുന്നതെന്നും ചെതലയം റേഞ്ച് ഓഫിസർ അബ്ദുൾ സമദ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
രണ്ടുവർഷം മുമ്പ് സിസിയിൽനിന്ന് പിടിച്ച കടുവയെ മുത്തങ്ങയിൽനിന്ന് 15 കിലോമീറ്റർ അകലെ ഉൾ വനത്തിൽ തുറന്നുവിട്ടിരുന്നു. ഈ കടുവ ഏതാനും ദിവസങ്ങൾക്കുശേഷം സിസിയിൽ തിരിച്ചെത്തുകയുണ്ടായി. അന്ന് ഈ സംഭവം ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയും ഏതാനും ദിവസങ്ങൾക്കു ശേഷം തിരിച്ചെത്തുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
കിണറ്റിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ കുപ്പാടി വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു വനം വകുപ്പ് മൂന്നാനക്കുഴിയിലെ നാട്ടുകാരോട് പറഞ്ഞത്. കിണറ്റിൽ നിന്ന് കരക്ക് എത്തിച്ച ഉടനെ അതിവേഗത്തിൽ കുപ്പാടിയിലേക്ക് കടുവയെ കൊണ്ടുപോവുകയും ചെയ്തു. പിന്നീട്, അർധരാത്രിയാണ് കടുവയെ മുത്തങ്ങ കാട്ടിലേക്ക് കൊണ്ടുപോയത്. രണ്ട് വയസ്സുള്ള പെൺകടുവയാണ് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.