ചീരാൽ വിടാതെ കടുവ; ഇന്നലെ പുലർച്ചെയും പശുവിനെ ആക്രമിച്ചു കൊന്നു
text_fieldsസുൽത്താൻ ബത്തേരി: രണ്ടുമാസത്തോളമായി ചീരാൽ മേഖലയിൽ എത്തിയ കടുവ പ്രദേശം വിട്ടു പോകുന്നില്ല. നാലഞ്ചു ദിവസത്തെ ഇടവേളക്കുശേഷം ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് കടുവ പശുവിനെ ആക്രമിച്ചു കൊന്നത്. അൽപം ആശ്വാസത്തിലായിരുന്ന ജനം ഇതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഈസ്റ്റ് ചീരാൽ (കുടുക്കി) പാലപ്പുറത്ത് സ്കറിയയുടെ പശുവിനെയാണ് കൊന്നത്. തൊഴുത്തിൽ നിന്ന് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ കടുവ പശുവിനെ വലിച്ചുകൊണ്ടു പോകുന്നതാണ് കണ്ടത്. തുടർന്ന് എല്ലാവരും കൂടി ഒച്ചയുണ്ടാക്കിയപ്പോൾ കടുവ പശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി.
ചീരാലിൽ മൂന്നാഴ്ചക്കിടയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം ഇതോടെ ഏഴായി. ഗുരുതരാവസ്ഥയിൽ പരിക്കേറ്റ രണ്ടു പശുക്കൾ പൂക്കോട് വെറ്ററിനറി കോളേജിൽ ഇപ്പോൾ ചികിത്സയിലാണ്. പശുവിനെ നഷ്ടപ്പെട്ട ഒരു കർഷകന് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്.
കടുവയെ പിടികൂടാൻ വനം വകുപ്പ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം ഉണ്ടാവാത്ത സാഹചര്യമാണുള്ളത്. കൂട്ടിൽ കയറാത്ത കടുവയെ മയക്കു വെടി വെച്ച് പിടിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള തീരുമാനം. ഇതിനായി കാടും നാടും അരിച്ചുപെറുക്കിയിട്ടും കടുവ സുരക്ഷിത കേന്ദ്രത്തിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. ടൈഗർ ട്രാക്കർമാരെ പോലും ഇളിഭ്യരാക്കുന്ന രീതിയിലാണ് കടുവയുടെ നീക്കങ്ങൾ.
ചീരാലിലെ കടുവക്ക് പശുവിറച്ചി; കൃഷ്ണഗിരിയിലേതിന് ആട്ടിറച്ചിയും
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കടുവക്ക് പശു ഇറച്ചിയോടാണ് കൂടുതൽ താത്പര്യമെന്ന രീതിയിലാണ് കാര്യങ്ങൾ. ഒരു മാസം കൊണ്ട് പത്ത് പശുക്കളെയാണ് ആക്രമിച്ചത്. ഇതിൽ ചിലതിനെ പകുതിയും മറ്റും ഭക്ഷിച്ചു.
കഴിഞ്ഞ 10ന് മീനങ്ങാടി കൃഷ്ണഗിരിയിലെത്തിയ കടുവ മൂന്ന് ആടുകളെ കൊന്നു. വെള്ളിയാഴ്ച കൃഷ്ണഗിരിക്കടുത്തുള്ള മേപ്പേരിക്കുന്നിലാണ് കടുവ എത്തിയത്. ആക്രമിച്ചത് ആടിനെ. ഈ ഭാഗത്ത് പശുക്കൾ ഏറെയുണ്ട്. എന്നാൽ ആടിനെ മാത്രം കടുവ തിരഞ്ഞു പിടിക്കുകയാണ്.
നാളെ ചീരാലിൽ മെഗാ ഗ്രാമസഭ
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിലെ കടുവ ശല്യം ഒഴിയാത്ത സാഹചര്യത്തിൽ സർവകക്ഷി സമര സമിതിയുടെയും നെന്മേനി പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക ഗ്രാമസഭ ചേരാൻ തീരുമാനിച്ചു. ചീരാൽ എ.യു.പി സ്കൂളിന്‍റെ മുറ്റത്ത് നടക്കുന്ന ഗ്രാമസഭക്ക് ശേഷം സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
അതനുസരിച്ച് ചൊവ്വാഴ്ച മുതൽ പഴൂർ വനം ഓഫീസിന് മുമ്പിൽ രാപ്പകൽ സമരം തുടങ്ങും. സ്ത്രീകൾ, യുവാക്കൾ, കർഷകർ, വിദ്യാർഥികൾ, വയോജനങ്ങൾ എന്നിവരുടെ വ്യത്യസ്ത രീതിയിലുള്ള സമരങ്ങൾ ഗ്രാമസഭയിൽ വെച്ച് തീരുമാനിക്കുമെന്ന് സമരസമിതി ചെയർമാൻ കെ.ആർ. സാജൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ എന്നിവർ അറിയിച്ചു.
കൃഷ്ണഗിരിയിലും പോത്തുകെട്ടിയിലും കടുവയുടെ ആക്രമണം
സുൽത്താൻ ബത്തേരി: കൃഷ്ണഗിരിയിൽ വീണ്ടും കടുവയുടെ ആക്രമണം. മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്‍റെ ആടിനെയാണ് കടുവ കടിച്ച് പരിക്കേൽപിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഓടിമറഞ്ഞു. മീനങ്ങാടി പോത്തുകെട്ടിയിൽ കടുവയുടെ ആക്രമണത്തിൽ ആട് ചത്തു. കാവനാൽ വർഗീസിന്‍റെ ആടിനെയാണ് വെള്ളിയാഴ്ച രാത്രി കടുവ ആക്രമിച്ച് കൊന്നത്.
തോട്ടത്തിലാണ് ആടിന്‍റെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയും പ്രദേശത്ത് കടുവയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.