മൈലമ്പാടിയിൽ വീണ്ടും കടുവ; കൃഷ്ണഗിരിക്കാരും ഭീതിയിൽ
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി ഭാഗത്ത് കടുവയെത്തുന്നത് പതിവായി. ഞായറാഴ്ച ഉച്ചക്ക് കല്ലടയിൽ വിനോദ് എന്നയാൾ കടുവയെ നേരിട്ടു കണ്ടു. ഇതിന് രണ്ടു ദിവസം മുമ്പാണ് മൈലമ്പാടിക്കടുത്തെ മൂന്നാനക്കുഴിയിൽ കടുവ സ്കൂൾ വിദ്യാർഥിയെ ഓടിച്ചത്. പതിവുപോലെ വനംവകുപ്പ് എത്തി പ്രദേശത്ത് തിരച്ചിൽ നടത്തി.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ മൈലമ്പാടിയിൽ അഞ്ചിലേറെ തവണയാണ് കടുവ സാന്നിധ്യം ഉണ്ടാകുന്നത്. സുൽത്താൻ ബത്തേരി ചെതലയം കാട്ടിൽ നിന്നാണ് മൈലമ്പാടി ഭാഗത്തേക്ക് കടുവ എത്തുന്നത്. പാമ്പ്ര തോട്ടംവഴി പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് മൂടക്കൊല്ലി, കൂടല്ലൂർ, കൽപന, വാകേരി ഭാഗങ്ങളിലേക്ക് കടുവകൾ നീങ്ങുകയാണ്.
പിന്നീട് മൈലമ്പാടി, ആവയൽ, മണ്ഡകവയൽ എന്നിവിടങ്ങളിലൂടെ ദേശീയപാതയോരത്തെ കൃഷ്ണഗിരി ഭാഗത്തേക്ക് പോകുകയാണ് പതിവ്. കൊളഗപ്പാറ, ബീനാച്ചി ഭാഗത്തേക്ക് എത്തുന്നതും ഈ കടുവകൾ തന്നെ.
സഞ്ചാരപഥം മനസ്സിലാക്കി കടുവയെ തടയുന്നതിന് പകരം കടുവയെ വീണ്ടും എത്തിക്കുന്ന സമീപനമാണ് വനംവകുപ്പിന്റെ നടപടികൾ മൂലമുണ്ടാകുന്നതെന്ന ആരോപണമുണ്ട്. 10 ദിവസം മുമ്പ് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ വനംവകുപ്പ് രക്ഷപ്പെടുത്തി മുത്തങ്ങ കാട്ടിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയാണ് ചെയ്തത്.
15 കിലോമീറ്റർ ഉൾക്കാട്ടിലാണ് കടുവയെ വിട്ടതെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ഇത് ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്ന് മൂന്നാനക്കുഴിയിൽ എത്തിയ കടുവ തന്നെയാണോ വീണ്ടും എത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ സംശയമുണ്ട്.
ഏതാനും മാസം മുമ്പ് വാകേരിക്കടുത്ത മൂടകൊല്ലിയിൽ യുവാവിനെ കൊന്നുതിന്ന കടുവയെ ഏറെ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് വനംവകുപ്പ് കൂട് വെച്ച് പിടികൂടിയത്. പിന്നീട് മൈലമ്പാടിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെയും കൂട് വെച്ച് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.