വീണ്ടും കടുവ; എടക്കാട് പ്രദേശത്ത് കൂട് സ്ഥാപിച്ചു
text_fieldsസുൽത്താൻ ബത്തേരി: പുതാടി പഞ്ചായത്തിലെ എടക്കാട് പശുവിനെ ആക്രമിച്ച കടുവ പ്രദേശത്ത് തങ്ങുന്നതായി ആശങ്ക. വ്യാഴാഴ്ച കടുവ കൊന്ന പശുവിന്റെ ജഡം വെള്ളിയാഴ്ച രാവിലെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് വൈകീട്ട് ആറോടെ കൂട് സ്ഥാപിച്ചു. എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പശുവിന്റെ ജഡം മറവു ചെയ്യാനുള്ള ഒരുക്കത്തോടെ വനം വകുപ്പ് മണ്ണുമാന്തിയുമായി എത്തിയിരുന്നു. തുടർന്ന് കൂട് വെക്കാതെ പശുവിന്റെ ജഡം മറവുചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. വനം ജീവനക്കാരുമായി ഏറെനേരം തർക്കമുണ്ടായി. വൈകീട്ടോടെ വനംവകുപ്പ് കൂട് എത്തിച്ചതോടെയാണ് സംഘർഷാവസ്ഥ ഒഴിഞ്ഞത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് സ്ഥലത്ത് കടുവാകൂടും നിരീക്ഷണ കാമറകളും സ്ഥാപിച്ചത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.വി. സുന്ദരേശൻ, കെ.യു. മണികണ്ഠൻ, കെ. മുകുന്ദൻ, എം.എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി. അതേസമയം, എടക്കാട് കടുവ എത്തിയതോടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ഭീതിയിലായിട്ടുണ്ട്. മൂന്നുമാസം മുമ്പ് യുവാവിനെ കടുവ ആക്രമിച്ചു കൊന്ന് ഭക്ഷിച്ച മൂടക്കൊല്ലിയിലേക്ക് കടുവക്ക് എളുപ്പത്തിൽ ഇവിടെ നിന്ന് എത്താവുന്നതാണ്. കൂടല്ലൂർ, വാകേരി എന്നീ സ്ഥലങ്ങളും ഇതിനടുത്തുതന്നെയാണ്. വനം പോലെ കിടക്കുന്ന സ്വകാര്യ തോട്ടങ്ങൾ ഈ ഭാഗത്ത് നിരവധി ഉള്ളതിനാൽ കടുവ എത്തിയാൽ മാസങ്ങളോളം തങ്ങുന്ന സാഹചര്യമുണ്ട്. വാകേരിയിൽ കടുവ എത്തിയാൽ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളും കടുവ ഭീതിയിലാകും. ചെതലയം കാട്ടിൽനിന്ന് പാമ്പ്ര വഴിയാണ് എടക്കാട് കടുവ എത്തിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.