കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി അമ്പുകുത്തി പാടിപറമ്പില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിലും സമീപ പ്രദേശങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം.
കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോട്ടമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. സ്ഥലത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.
ഇതിനിടെ, സ്ഥലമുടമക്കെതിരെ നിയമനടപടികളുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. ഒന്നര വയസ്സുപ്രായമുള്ള ആൺ കടുവയെയാണ് ബുധനാഴ്ച വൈകീട്ട് ആറോടെ അമ്പുകുത്തി പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്.
പൊൻമുടിക്കോട്ടയിൽ വനംവകുപ്പിന്റെ കാമറയിൽ പതിഞ്ഞ കടുവയാണ് ചത്തതെന്നും മറ്റു വന്യമൃഗങ്ങൾ പ്രദേശത്തുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു.
കഴുത്തില്‍ കുരുക്ക് മുറുകിയതാണ് കടുവ ചാവാന്‍ കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. വൈല്‍ഡ് ലൈഫ് സര്ജന്മാരായ ഡോ. അരുണ്‍ സത്യന്, ഡോ. അജേഷ് മോഹന്‍ എന്നിവരാണ് കടുവയെ കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പൊൻമുടിക്കോട്ടയിൽ കഴിഞ്ഞ നവംബർ 17ന് പത്തുവയസ്സുള്ള പെൺകടുവ കൂട്ടിലകപ്പെട്ടിരുന്നു. ഈ കടുവയുടെ കുഞ്ഞാണ് ചത്ത കടുവയെന്നാണ് നിഗമനം.
സ്ഥലമുടമ പൊലീസിൽ പരാതി നൽകി
സുൽത്താൻ ബത്തേരി: കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ പൊലീസിൽ പരാതി നൽകി. വാർധക്യസഹജമായ അസുഖത്താലും മാനസിക സമ്മര്‍ദത്താലും പ്രയാസമനുഭവിക്കുകയാണ് താനെന്നും ഇതിനിടെ തന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി വന്യമൃഗങ്ങളെ പിടികൂടാൻ കുരുക്ക് സ്ഥാപിച്ചവരെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ടുമാണ് പള്ളിയാലിൽ മുഹമ്മദ് പരാതി നൽകിയത്.
സംഭവത്തെതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഭൂമിരേഖയുടെ പകർപ്പ് വാങ്ങിെക്കാണ്ടുപോയതായും പരാതിയുണ്ട്. സ്വകാര്യ തോട്ടമുടമക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.