പൊൻമുടിക്കോട്ടയിലെ കടുവ ശല്യം; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളിൽപെട്ട പൊൻമുടിക്കോട്ട, അമ്പുകുത്തി മേഖലകളിൽ കടുവശല്യം തുടരുമ്പോൾ ജനം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ .വനം വകുപ്പ് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷ എല്ലാവർക്കും നശിച്ചിരിക്കുന്നു. ആക്ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായിട്ടുണ്ട്.
രണ്ട് മാസത്തിലേറെയായി അമ്പുകുത്തി 19, ഗോവിന്ദമൂല, റാട്ടക്കുണ്ട്, പാടിപറമ്പ്, മാളിക, തെക്കൻകൊല്ലി വെള്ളച്ചാട്ടം, ഇടക്കൽ, പൊന്മുടികോട്ട, കുപ്പമുടി, കുപ്പക്കൊല്ലി പ്രദേശങ്ങളിൽ കടുവ ശല്യം രൂക്ഷമായിരിക്കുന്നത്. നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തു. ഒന്നര മാസം മുമ്പ് ഒരു കടുവയെ കൂടുവെച്ച് പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലെ കുരുക്കിൽ കുരുങ്ങി ഒരു കടുവ ചാകുകയും ചെയ്തു. എന്നിട്ടും ഇവിടെ വേറെയും കടുവകൾ ഉണ്ടെന്നാണ് സൂചന.
കർഷകർക്ക് വിളവെടുപ്പ് നടത്താൻ, ക്ഷീരകർഷകർക്ക് രാവിലെ പാൽ അളക്കുന്നതിന്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ എടുക്കുന്നതിനും ഇവിടെ സാധിക്കുന്നില്ല. എല്ലാവർക്കും ഭയമാണ്. എടക്കൽ അമ്പുകുത്തി എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിലും മദ്റസയിലും പോകുന്നതിന് രക്ഷിതാക്കൾ അകമ്പടി പോകുന്നു. വൈകുന്നേരമാകുന്നതോടെ ഗ്രാമക്കവലകൾ വിജനമാകും. ഏത് നിമിഷവും കടുവയുടെ മുന്നിൽപെടുമെന്ന ഭയത്തിലാണ് എല്ലാവരും പുറത്തിറങ്ങുന്നത്.
റാക്കുണ്ട് ജോളി, അമ്പുകുത്തി സ്കൂളിന് സമീപത്തെ ഷാജി, അമാനു എന്നിവരുടെ വീടുകളിൽ നിന്നും കടുവ ആടുകളെയും പശുക്കളെയും ആക്രമിച്ചു. അമ്പുകുത്തി പത്തൊമ്പത് കോളനിക്ക് സമീപം താമസിക്കുന്ന മനോഹരന്റെ ആടിനെ കൂട്ടിൽ നിന്ന് കൊന്നതിനുശേഷം ഉപേക്ഷിച്ചു.
ഒരാഴ്ച മുമ്പ് മാളിക പള്ളിശ്ശേരി ലീലയുടെ വീട്ടിൽ നിന്ന് രണ്ട് ആടുകളെ കടുവ കൊന്നു. തുടർന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൂടും കാമറയും സ്ഥാപിക്കുമെന്ന വാഗ്ദാനം നൽകിയതിനു ശേഷം മടങ്ങി. ഒന്നും നടന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. തെക്കൻകൊല്ലിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കടുവടെക്കണ്ട് പേടിച്ചരണ്ട് ആശുപത്രിയിലെത്തിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.