കടുവ ആക്രമിച്ചു കൊന്നതെന്ന്; കോളേരിയിൽ പശുവിന്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsസുൽത്താൻ ബത്തേരി: ദിവസങ്ങളായി കടുവ സാന്നിധ്യമുള്ള കോളേരി ഭാഗത്ത് പശുവിന്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 11 മണിവരെയാണ് സുൽത്താൻ ബത്തേരി- പനമരം റോഡിലെ ഗതാഗതം നാട്ടുകാർ തടഞ്ഞത്.
കടുവയെ ഉടൻ പിടികൂടണമെന്നായിരുന്നു ആവശ്യം. അതേസമയം, കോളേരിയിൽ എത്തിച്ച പശുവിന്റെ ജഡം പരിശോധിച്ചതിൽ കടുവ ആക്രമണത്തിൽ ചത്തതല്ലെന്നാണ് വനം അധികൃതർ വിശദീകരിക്കുന്നത്.
കോളേരിയിലെ മുട്ടത്ത് ഹണിമോന്റെ പശുക്കിടാവാണ് ചത്തത്. വീടിനടുത്ത് കെട്ടിയിട്ട പശുക്കിടാവ് ചത്തനിലയിൽ കാണുകയായിരുന്നു. ദേഹത്ത് നഖം ആഴ്ന്നിറങ്ങിയതിന്റെ പാടുണ്ട്. നാട്ടുകാർ റോഡ് ഉപരോധിച്ചതോടെ വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
ജനപ്രതിനിധികളുമായുള്ള ചർച്ചക്കു ശേഷമാണ് റോഡ് ഉപരോധം പിൻവലിച്ചത്. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, മെംബർമാരായ മിനി പ്രകാശൻ, ഒ.കെ. ലാലു തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം വഹിച്ചു.
അതേസമയം, പൂതാടി പഞ്ചായത്തിലെ താഴമുണ്ട ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്ക് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഞായറാഴ്ച മാങ്ങോട് എത്തിയ കടുവ താഴമുണ്ടയിലേക്ക് നീങ്ങിയതാണെന്ന സൂചനയുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.