ആട്ടിറച്ചി തേടി കടുവ; പുറത്തിറങ്ങാതെ കൃഷ്ണഗിരി ഗ്രാമം
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കടുവ ആടുകളെ തേടി അലയുമ്പോൾ നാട്ടുകാർ ഭീതിയിൽ. മേപ്പേരിക്കുന്ന് ഉഷയുടെയും കൊടശ്ശേരിക്കുന്ന് മേരിയുടെയും ആടിനെയാണ് ഏറ്റവും ഒടുവിൽ തിങ്കളാഴ്ച രാത്രി കടുവ ആക്രമിച്ച് കൊന്നത്.
വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. ഒരു മാസത്തോളമായി കൃഷ്ണഗിരിയിൽ കടുവ എത്തിയിട്ട്. മേപ്പേരികുന്ന്, റാട്ടക്കുണ്ട്, പാതിരികവല എന്നിവിടങ്ങളിലൊക്കെ കടുവ എത്തുന്നുണ്ട്.
ഒരു മാസത്തിനുള്ളിൽ 11 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. എട്ട് ആടുകൾ ചത്തു. പശു ഉൾപ്പെടെ മൂന്നെണ്ണം ചികിത്സയിലാണ്. കടുവയെ പിടികൂടാനായി വനം വകുപ്പ് നാലു കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കാമറകൾ നിരീക്ഷിച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
ചീരാൽ മേഖലയിൽ ഇറങ്ങിയ കടുവയിൽ നിന്നും വ്യത്യസ്തമായി കൃഷ്ണഗിരിയിലെ കടുവ ആടുകളെയാണ് പ്രധാനമായും പിടികൂടുന്നത്. പരിക്കുപറ്റി ശാരീരിക അവശതകൾ അനുഭവിക്കുന്ന കടുവയാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അല്ലാത്തപക്ഷം കടുവയുടെ കുഞ്ഞായിരിക്കും. കൃത്യമായ ചിത്രം ക്യാമറയിൽ തെളിഞ്ഞെങ്കിൽ മാത്രമേ ഇത് വ്യക്തമാകുവെന്ന് അധികൃതർ പറയുന്നു. കൃഷ്ണഗിരിയിൽ കടുവ എത്തിയതിനു ശേഷം മൈലംപാടി, കൊളഗപ്പാറ എന്നിവിടങ്ങളിൽ കടുവയുടെ സാന്നിധ്യം കുറഞ്ഞിട്ടുണ്ട്. സ്വാഭാവികമായി ഇവിടങ്ങളിലെത്തിയിരുന്ന കടുവയായിരിക്കാം കൃഷ്ണഗിരിയിൽ എത്തിയതെന്ന് സൂചനയുണ്ട്.
ബീനാച്ചി കാട്ടിൽ നിന്നുള്ള കടുവയാണ് മൈലംപാടിയിൽ എത്തിയിരുന്നത്. മൈലംപാടി, കൊളഗപ്പാറ എന്നിവിടങ്ങളിലെ പോലെ കൃഷ്ണഗിരിയിലും വനമേഖല പോലെ കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ ഏറെയുണ്ട്. കാട്ടാട്, കാട്ടുപന്നി, മാൻ എന്നിവ ഈ സ്വകാര്യ എസ്റ്റേറ്റുകളിൽ ഏറെയാണ്.
വനത്തിൽ നിന്നും ഇവിടെയെത്തുന്ന കടുവകൾ ദിവസങ്ങളോളം ഈ മേഖലയിൽ തങ്ങാനുള്ള കാരണവും ഇതുതന്നെ. എട്ട് ആടുകൾ ചത്തിട്ടും കൃഷ്ണഗിരിയിൽ കടുവക്കെതിരെ നാട്ടുകാർ സർവകക്ഷി സമര സമിതിയൊന്നും രൂപവത്കരിച്ചിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ ഏറെയാണ്.
മയക്കുവെടി വെച്ച് കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തിരച്ചിൽ നടത്തുന്ന വനം വകുപ്പ് ചീരാലിലെ പോലെ ഇവിടെയും നിസഹായ അവസ്ഥയിലാണ്. പകൽ മാത്രമേ മയക്കുവെടിവെക്കാൻ സാധിക്കു.
ഒരു മാസമായി കൃഷ്ണഗിരി മേഖലയിലുള്ളവർക്ക് പകലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഏത് നിമിഷവും കടുവയുടെ മുന്നിൽ പെടാം. എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നാണ് വിവിധ പ്രദേശങ്ങളിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.