ചീരാലുകാർക്ക് ആശ്വാസം
text_fieldsസുൽത്താൻ ബത്തേരി: ഒരു മാസത്തിലേറെയായി നാടിനെ മുൾമുനയിൽ നിർത്തിയ കടുവ പിടിയിലാകുമ്പോൾ ചീരാലുകാർ ആശ്വസിക്കുകയാണ്. സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമെന്ന ആശ്വാസമാണ് എല്ലാവരിലും ഉണ്ടായിട്ടുള്ളത്. സമാനതകളില്ലാത്ത തിരച്ചിൽ നടത്തിയ വനം വകുപ്പും ഇപ്പോൾ ആശ്വസിക്കുന്നു.
ചീരാൽ വില്ലേജിലെ മുണ്ടക്കൊല്ലി, പഴൂർ, വെല്ലത്തൂർ, കരിവള്ളി, കൈലാസംകുന്ന്, ആശാരിപ്പടി എന്നിങ്ങനെ സകല പ്രദേശത്തും കടുവ എത്തിയിരുന്നു. ഒക്ടോബർ രണ്ടിന് പഴൂരിനടുത്ത് മുണ്ടക്കൊല്ലിയിൽ കണ്ണാംപറമ്പിൽ ഡാനിയേലിന്റെ വീട്ടുമുറ്റത്തെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കൊന്നതോടെയാണ് നാട്ടുകാർ ഭീതിയിലേക്ക് മാറുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഓരോ പശുക്കളെയായി ആക്രമിക്കാൻ തുടങ്ങി. 11ന് നടന്ന ഹർത്താലും പഴൂർ ഫോറസ്റ്റ് ഓഫിസ് മാർച്ചും ചീരാൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ജനകീയ സമരമായി.
ജനപങ്കാളിത്തം കൊണ്ട് സമരം വ്യത്യസ്തമായതോടെ കൂടുതൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സർവകക്ഷി സമരസമിതിക്ക് പിന്തുണയുമായി എത്തുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഇതിനിടയിൽ കടുവയെ പിടിക്കാൻ കഴിയാതെ വനംവകുപ്പ് നിസ്സഹായതയിലായിരുന്നു.
രാത്രി ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന കടുവ പകൽ വനത്തിൽ ഒളിക്കുകയാണ് ചെയ്തിരുന്നത്. പഴൂർ, വെല്ലത്തൂർ, മുണ്ടക്കൊല്ലി ഭാഗത്തുള്ള വനം തമിഴ്നാട്ടിലേക്ക് നീളുന്നുണ്ട്. രാവിലെ വനത്തിലെത്തുന്ന കടുവ തമിഴ്നാട് ഭാഗത്തേക്ക് നീങ്ങുന്നതാണ് ആർ.ആർ.ടി ടീമിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണമായത്.
വൈകിയാണ് ഇക്കാര്യം കേരള വനം വകുപ്പ് മനസ്സിലാക്കുന്നത്. തുടർന്ന് തമിഴ്നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംയുക്ത പരിശോധനക്കുള്ള ഒരുക്കം നടത്തി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് 'ഓപറേഷൻ' നടത്തിയിട്ടും കടുവയെ പിടിക്കാൻ കഴിയാത്തത് വനംവകുപ്പിനും അമ്പരപ്പുണ്ടാക്കി.
കൂട്ടിൽ കയറിയില്ലായിരുന്നുവെങ്കിൽ ഈ കടുവയെ അടുത്തകാലത്ത് പിടിക്കാൻ കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഏതായാലും, ഒരു മാസത്തിലേറെയായി നാടിനെ മുൾമുനയിൽ നിർത്തിയ കടുവ ഒഴിഞ്ഞുപോയതോടെ ചീരാൽ വില്ലേജ് ആഘോഷത്തിമർപ്പിലായി.
വൈകീട്ട് സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ പഴൂരിലെ സമരപ്പന്തലിൽ പായസം തയാറാക്കി നാട്ടുകാർക്കും യാത്രക്കാർക്കും വിതരണം ചെയ്തു. സമരസമിതി ചെയർമാൻ കെ.ആർ. സാജൻ, കൺവീനർ എം.എ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പായസ വിതരണം.
കടുവയെ കുപ്പാടിയിൽ എത്തിച്ചു
സുൽത്താൻ ബത്തേരി: പഴൂരിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ വെട്ടം വീഴുംമുമ്പ് അധികൃതർ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ എത്തിച്ചു. ജനം കൂടിയാലുള്ള പ്രയാസങ്ങൾ തരണം ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ തിരക്കിട്ട നീക്കം.
പരിചരണ കേന്ദ്രത്തിലെത്തിച്ചയുടനെ കടുവയുടെ ദേഹത്ത് വെള്ളം ചീറ്റിച്ച് തണുപ്പിക്കാൻ ശ്രമിച്ചു. ഈ സമയം ദേഷ്യത്തിൽ കടുവ അമറുന്നത് കാണാമായിരുന്നു. പുതിയ കടുവ എത്തിയതോടെ പരിചരണ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം മൂന്നായി.
വാകേരി, മാനന്തവാടി, കുറുക്കൻമൂല എന്നിവിടങ്ങളിൽ നിന്ന് പിടിച്ച രണ്ട് കടുവകളാണ് മാസങ്ങളായി പരിചരണ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇവർക്കിടയിലേക്കാണ് ചീരാൽ കടുവ കൂടി എത്തിയത്.
കടുവയെ കാട്ടിലേക്ക് തുറന്നു വിടില്ലെന്ന്
സുൽത്താൻ ബത്തേരി: ചീരാലിൽ പിടിയിലായ കടുവയെ വനത്തിൽ തുറന്നുവിടില്ല. തൽക്കാലം കുപ്പാടിയിലെ വന്യമൃഗപരിചരണ കേന്ദ്രത്തിൽത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം. കടുവയുടെ ഇടതുഭാഗത്തെ പല്ലിലൊന്ന് നഷ്ടമായിരിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ സൂചിപ്പിച്ചു.
സാധാരണ നാല് കോമ്പല്ലുകളാണ് കടുവക്ക് ഉണ്ടാവുക. ഈ നാലും ഉണ്ടെങ്കിൽ മാത്രമേ ഇര പിടിക്കാനാവു. ഇര പിടിക്കുമ്പോഴോ മറ്റ് ആക്രമണത്തിലോ ആയിരിക്കും പല്ല് നഷ്ടമായത്.
ഈ അവസ്ഥയിൽ കാട്ടിലേക്ക് തുറന്നു വിട്ടാൽ കടുവ വീണ്ടും നാട്ടിൽ ഇറങ്ങി ഇര പിടിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കടുവക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് വിദഗ്ധ പരിശോധന നടത്തും. ആരോഗ്യപ്രശ്നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്നു വിടാറാണ് പതിവ്.
വനം മന്ത്രിയുടെ അഭിനന്ദനം
സുൽത്താൻ ബത്തേരി: ചീരാലില്‍ ഭീതിപടര്‍ത്തിയ കടുവയെ പിടികൂടാന്‍ രാപ്പകലില്ലാതെ ജോലിചെയ്ത ആര്‍.ആര്‍.ടി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ വനം വകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും അഭിനന്ദിക്കുന്നതായി വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. നല്‍കാനുള്ള ബാക്കി നഷ്ടപരിഹാരതുക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി വാർത്തകുറിപ്പിൽ വ്യക്തമാക്കി.
റാട്ടകുണ്ടിൽ ബൈക്കിന് മുന്നിലേക്ക് കടുവ ചാടി- യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
സുൽത്താൻ ബത്തേരി: റാട്ടകുണ്ടിൽ ബൈക്ക് യാത്രക്കാരന് മുന്നിലേക്ക് കടുവ ചാടി. യാത്രക്കാരൻ അക്രമത്തിൽനിന്നും ബൈക്കപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് 7.20 ഓടെയാണ് സംഭവം.
കൃഷ്ണഗിരിയിലെ കമ്പനിയിൽനിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് കടുവ ചാടിയത്. റാട്ടകുണ്ട് ജങ്ഷൻ കഴിഞ്ഞ് കുമ്പളേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ എസ് വളവിന് സമീപത്തെ കയറ്റത്തിലെ തോട്ടത്തിൽനിന്നാണ് റോഡിലേക്ക് പ്രവേശിച്ചത്.
കടുവയെ കണ്ട പരിഭ്രാന്തിയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് റോഡിൽ വീണെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യാത്രക്കാരും യുവാവും കുറച്ചകലേയുള്ള വീട്ടിലേക്ക് ഓടിപ്പോയി അഭയം തേടുകയായിരുന്നു.
വീട്ടുടമ വിവരമറിയിച്ചതനുസരിച്ച് മേപ്പാടി റേഞ്ച് വനം ഉദ്യോഗസ്ഥരും ആർ.ആർ.ടി അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്താനായിട്ടില്ലെന്നും രാവിലെ വീണ്ടും പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.