മൂടക്കൊല്ലിയിൽ കടുവഭീതി ഒഴിയുന്നില്ല
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി പ്രദേശത്തെ കടുവഭീതി ഒഴിയുന്നില്ല. കടുവക്കായി കൂടുവെച്ച് നാട്ടുകാരും വനം വകുപ്പും മൂന്നു ദിവസമായി കാവൽ നിൽക്കുകയാണ്.
അതേസമയം, രണ്ടു മാസത്തിലേറെയായി മേഖലയിൽ ഉണ്ടായ അരക്ഷിതാവസ്ഥക്ക് അയവ് വന്നിട്ടില്ല. മൂടക്കൊല്ലിയിലെ പന്നിഫാമിൽ കയറി 20ലേറെ പന്നികളെ കടുവ കൊന്നതോടെ ജനത്തിന്റെ ആശങ്ക വർധിച്ചിട്ടുണ്ട്. ഇത്രയധികം പന്നികളെ ഒരേസമയം കൊല്ലണമെങ്കിൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ ഏത് ഭാഗത്തും ഏത് നിമിഷവും കടുവ ഉണ്ടാകാമെന്ന അവസ്ഥയാണിപ്പോൾ. പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്നുതിന്നത് മൂടക്കൊല്ലിയിലാണ്. നരഭോജി കടുവ കൂട്ടിലായതോടെ പെട്ടെന്ന് ഈ പ്രദേശത്ത് ഒരാശ്വാസമുണ്ടായെങ്കിലും ഇപ്പോൾ പഴയതിലും വലിയ ഭീതിയിലാണ് നാട്ടുകാർ. കൂടല്ലൂർ, കല്ലൂർക്കുന്ന്, ഗാന്ധിനഗർ എന്നിവയെല്ലാം മൂടക്കൊല്ലിയോട് ചേർന്ന പ്രദേശങ്ങളാണ്. ഇവിടങ്ങളിലെ നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊന്നു.
വാകേരി മേഖലയിലെ മീനങ്ങാടി പഞ്ചായത്തിൽപെട്ട സ്ഥലങ്ങളാണ് സിസി, ആവയൽ തുടങ്ങിയവ. ഈ പ്രദേശങ്ങളിലും ഏതാനും ദിവസം മുമ്പ് കടുവ വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ആവയലിൽ കൂടുവെച്ച് ദിവസങ്ങൾ കാത്തിരുന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. സിസിയിലും ആവയലിലും എത്തിയ കടുവ തന്നെയാണോ മൂടക്കൊല്ലിയിൽ ഇപ്പോൾ തമ്പടിക്കുന്നതെന്ന് വനം വകുപ്പിനും നിശ്ചയമില്ല.
ബീനാച്ചിയിൽ നിന്നാണ് നടവയൽ-പനമരം റോഡ് തുടങ്ങുന്നത്. ബീനാച്ചി മുതൽ മൂന്നാനക്കുഴി വരെ എട്ടു കിലോമീറ്റർ ദൂരത്തിൽ കടുവ ഏത് നിമിഷവും മുന്നിലെത്താമെന്ന ഭീതിയിലാണ് രാത്രിയിലെ വാഹന യാത്രികർ. മന്ദണ്ടിക്കുന്ന്, മടൂർക്കവല, കൽപന, പുല്ലുമല എന്നിവിടങ്ങളിൽനിന്ന് കടുവയുടെ മുന്നിൽപെട്ട് തലനാരിഴക്ക് രക്ഷപ്പെട്ട നിരവധി യാത്രക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.