ചൂരിമലയിലെ കടുവ സാന്നിധ്യം; വില്ലനാകുന്നത് ബീനാച്ചി എസ്റ്റേറ്റ്
text_fieldsസുൽത്താൻ ബത്തേരി: കൊളഗപ്പാറക്കടുത്ത് ചൂരിമല പ്രദേശത്ത് ഇടക്കിടെയുള്ള കടുവ സാന്നിധ്യത്തിന് കാരണം ബീനാച്ചി എസ്റ്റേറ്റ്. കാട് പോലെ കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിൽനിന്നാണ് കടുവകൾ ചൂരിമലയിലെത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 15 ഓളം വളർത്തുമൃഗങ്ങളെയാണ് ചൂരിമല ഭാഗത്തു നിന്നുമാത്രം കടുവ ആക്രമിച്ചത്. ചൂരിമല ഷേർളി കൃഷ്ണന്റെ പശുവിനെയാണ് രണ്ടുദിവസം മുമ്പ് കടുവ ആക്രമിച്ചത്. തുടർന്ന് ചികിത്സക്കിടെ പശു ചത്തു. ഇതോടെ ഒരു വർഷത്തിനിടയിൽ കടുവ കൊന്ന ഇവരുടെ പശുക്കളുടെ എണ്ണം മൂന്നായി. ഒരു പോത്തിനെയും കൊന്നിരുന്നു. മുമ്പ് കടുവ ആക്രമിച്ച പശുവിന് 25,000 വീതവും പോത്തിന് 50,000 രുപയും വനം വകുപ്പ് നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, വരുമാനമാർഗം നിലക്കുന്ന സാഹചര്യമായതിനാൽ നഷ്ടപരിഹാരം കൊണ്ട് വലിയ പ്രയോജനമുണ്ടാകുന്നില്ലെന്നാണ് ഷേർളി കൃഷ്ണൻ പറയുന്നത്. വിവിധ ബാങ്കുകളിൽനിന്നായി പശു വളർത്തലിന് എടുത്ത വായ്പ വലിയ ബാധ്യതയാകുന്ന സാഹചര്യമാണുള്ളത്.
ക്ഷീര മേഖലയെ ആശ്രയിച്ച് ചൂരിമല പ്രദേശത്ത് മാത്രം 20ലേറെ കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇടക്കിടെ കടുവ എത്തുന്നതിനാൽ ക്ഷീരമേഖല ഒഴിവാക്കി മറ്റു മേഖലകളിലേക്ക് കടക്കാൻ പ്രദേശവാസികൾ നിർബന്ധിതരാവുകയാണ്. മയാ രാജൻ, ഗോവിന്ദൻ, തങ്കച്ചൻ തുടങ്ങിയവർക്കും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ചൂരിമലയിൽ 130 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കടുവ സാന്നിധ്യം ഇടക്കിടെ ഉണ്ടാവുന്നതുകൊണ്ട് പേടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. അരിവയൽ, പഴുപ്പത്തൂർ, ചീനിപ്പുല്ല്, കട്ടയാട് മേഖലകളിലൂടെയാണ് കടുവ ബീനാച്ചി എസ്റ്റേറ്റിൽ എത്തുന്നത്. ചെതലയം കാട്ടിൽനിന്ന് മൂടക്കൊല്ലി, വാകേരി പിന്നിട്ടാണ് അരിവയലിലേക്കും പിന്നീട് നമ്പീശൻകവല, മന്തംകൊല്ലി ഭാഗത്തേക്കും കടുവ നീങ്ങുന്നത്. എസ്റ്റേറ്റിൽ കയറുന്ന കടുവ പിന്നീട് ചെതലയം കാട്ടിലേക്ക് തിരിച്ചുപോകാത്ത സാഹചര്യവുമുണ്ട്.
മാൻ, കാട്ടാട്, കാട്ടുപന്നി എന്നിങ്ങനെയുള്ള മൃഗങ്ങൾ ബീനാച്ചി എസ്റ്റേറ്റിൽ നിരവധിയുണ്ടെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. എസ്റ്റേറ്റിനു പുറത്തിറങ്ങിയില്ലെങ്കിലും കടുവക്ക് മാസങ്ങളോളം കഴിയാനുള്ള വക എസ്റ്റേറ്റിനകത്ത് തന്നെയുണ്ട്. ഇതിനിടയിലാണ് അതിർത്തി കടന്ന് ചൂരിമല, കൊളഗപ്പാറ എന്നിവിടങ്ങളിലെത്തുന്നത്. കഴിഞ്ഞ ദിവസം ഷേർളി കൃഷ്ണന്റെ പശുവിനെ ആക്രമിച്ച കടുവയടക്കം ഒന്നിലേറെ എണ്ണം ബീനാച്ചി എസ്റ്റേറ്റിലുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. കടുവകൾക്കായി എസ്റ്റേറ്റിൽ തിരച്ചിൽ നടത്തുന്ന കാര്യത്തിൽ വനം വകുപ്പും നിസ്സഹായരാവുകയാണ്. 500 ഏക്കറിലേറെ വരുന്ന എസ്റ്റേറ്റിലെ കാട് വെട്ടിത്തെളിച്ചാൽ കടുവ തങ്ങുന്ന സാഹചര്യം ഒഴിവാക്കാം. സർക്കാർ ഉന്നതതലത്തിൽ നീക്കങ്ങൾ നടത്തിയാലേ ഇതിനൊരു പരിഹാരമുണ്ടാകൂ. കൊറോണ കാലത്തിനുശേഷം മധ്യപ്രദേശ് സർക്കാർ എസ്റ്റേറ്റിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. മധ്യപ്രദേശ് സർക്കാറിൽനിന്ന് എസ്റ്റേറ്റ് കേരള സർക്കാർ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയതായി രണ്ടു വർഷം മുമ്പ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. എസ്റ്റേറ്റ് കേരളത്തിന്റെ നിയന്ത്രണത്തിൽ വന്നാൽ മാത്രമെ കാടു വെട്ടൽ പോലുള്ള ജോലികൾ നടത്താനാകൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.