നായ്ക്കട്ടിയിലെ ഭീതി ഒഴിയുന്നില്ല; കടുവ തങ്ങുന്നത് വനയോരത്ത്
text_fieldsസുൽത്താൻ ബത്തേരി: നായ്ക്കട്ടി, നിരപ്പം പ്രദേശങ്ങളിൽ കടുവ തങ്ങുന്നത് ജനത്തെ ആശങ്കയിലാക്കുന്നു. ഇവിടത്തെ വനയോരത്താണ് കടുവയുള്ളത്. നാട്ടുകാരിൽ പലരും കടുവയെ കണ്ടു. സ്വയരക്ഷയ്ക്ക് എല്ലാവരും ജാഗ്രത പാലിച്ച് നടക്കുന്നതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയാണ്.
ശനിയാഴ്ച രാത്രി നായ്ക്കട്ടി ഇല്ലിച്ചുവട് ഭാഗത്ത് കടുവ നടന്നുപോകുന്നത് വാഹന യാത്രക്കാർ ചിത്രീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് പ്രദേശത്ത് ദിവസങ്ങളായി തങ്ങുന്നതെന്ന സൂചനയുണ്ട്. കടുവയുടെ കാലിന് പരിക്കേറ്റിരുന്നു. അതിനാൽ ഉൾക്കാട്ടിൽ പോയി ഇര തേടാൻ സാധിക്കാത്തതിനാൽ ജനവാസ കേന്ദ്രത്തിൽ തങ്ങുന്നതായി വേണം കരുതാൻ.
കടുവയെ കണ്ട നിരവധിപേർ വനം വകുപ്പിനെ അറിയിച്ചു. കാര്യമായ ഒരു നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കൂട് വെച്ച് പിടിച്ചാൽ കുപ്പാടിയിലെ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിലെത്തിക്കാം. അത്തരം നടപടികൾ വനംവകുപ്പ് എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. ദേശീയപാതയിൽ മൂലങ്കാവ് മുതൽ നായ്ക്കട്ടി വരെ മൂന്ന് കിലോമീറ്ററുണ്ട്. ഇത്രയും ഭാഗത്തുള്ള ദേശീയപാതയോരത്താണ് കടുവ തങ്ങുന്നത്. ഏത് നിമിഷവും റോഡിലേക്കെത്താം. അതിനാൽ വാഹനയാത്രക്കാരും ഭയത്തിലാണ്.
കഴിഞ്ഞ 18 ന് ബീനാച്ചി മന്ദംകൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുട്ടിയെ വനം വകുപ്പ് കാട്ടിൽ തുറന്നുവിട്ടിരുന്നു. അതിനു ശേഷം മന്ദംകൊല്ലിയിൽ കർഷക സംഘടന സ്ഥാപിച്ച കാമറയിൽ വലിയ കടുവയുടെ ചിത്രം പതിഞ്ഞു. പരിക്കില്ലാത്ത വലിയ കടുവയാണ് കാമറയിലുള്ളത്. അതിനാൽ നായ്ക്കട്ടിയിൽ എത്തിയത് വേറെ കടുവയാണ്.
പ്രദേശത്ത് കാമറ സ്ഥാപിക്കും -പഞ്ചായത്ത് ഭരണസമതി
സുൽത്താൻ ബത്തേരി: നായ്ക്കട്ടി മേഖലയിലെ കടുവ സാന്നിധ്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നൂൽപുഴ പഞ്ചായത്തിൽ ഭരണസമിതി അവലോകന യോഗം ചേർന്നു.
വനം ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് കടുവയുടെ നീക്കം നിരീക്ഷിക്കാൻ തീരുമാനമായി. വനയോരത്ത് കാവലും ശക്തമാക്കും. കൂട് വെച്ച് കടുവയെ പിടിക്കാൻ മന്ത്രിയുടെയും മറ്റും അനുമതി വേണ്ട സാഹചര്യമാണ്. ഇക്കാര്യത്തിൽ കലക്ടർ, മന്ത്രി തുടങ്ങിയവർക്ക് പഞ്ചായത്ത് ഭരണനേതൃത്വം നിവേദനം കൊടുക്കുമെന്ന് വൈസ് പ്രസിഡൻറ് എൻ.എ. ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.