കടുവയുടെ സഞ്ചാരം വാകേരി, സിസി വഴി ചൂരിമല
text_fieldsസുൽത്താൻ ബത്തേരി: വാകേരി മേഖലയിൽ കറങ്ങിയ കടുവ തന്നെയാണ് ചൂരിമലയിൽ കൂട്ടിൽ അകപ്പെട്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. മൂടക്കൊല്ലി, സിസി, പുല്ലുമല, അരിവയൽ, കൊളഗപ്പാറ എന്നിങ്ങനെയാണ് കടുവയുടെ സഞ്ചാര രീതി. വാകേരിയിൽ എത്തുമ്പോൾ ചെതലയം കാട്ടിലേക്കും ചൂരിമലയിൽ എത്തുമ്പോൾ ബീനാച്ചി തോട്ടത്തിലേക്കുമാണ് കടുവ നീങ്ങിയത്. ഇതിനകം നിരവധി വളർത്തുമൃഗങ്ങളെ കൊന്നു.
വാകേരി മേഖലയിൽ മൂന്നും കൊളഗപ്പാറയിൽ രണ്ടു കൂടുകളുമാണ് കടുവക്കായി തുറന്നുവെച്ചത്. വാകേരി പന്നിഫാമിലെ 27 എണ്ണമാണ് കൊല്ലപ്പെട്ടത്. കൂട്ടിലായ കടുവ തന്നെയാണ് വാകേരി പന്നിഫാമിൽ കയറിയതെങ്കിൽ അത് ജനത്തിന് വലിയ ആശ്വാസമാകും. കൊളഗപ്പാറ ചൂരിമലയിൽ ക്ഷീരകർഷകരൊക്കെ വലിയ ആശങ്കയിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ചൂരിമല ഉൾപ്പെടുന്ന കൊളഗപ്പാറ മേഖലയിൽ വലിയ കടുവശല്യമാണ്. ഇപ്പോൾ ഒരു കടുവ പിടിക്കപ്പെട്ടെങ്കിലും ജനത്തിന്റെ ആശങ്ക പൂർണമായി ഒഴിയുന്നില്ല. കൂടുതൽ കടുവകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ശനിയാഴ്ച വെളുപ്പിന് കൂട്ടിലായെങ്കിലും നേരം പുലർന്നശേഷമാണ് വനം വകുപ്പിന് കടുവയെ അവിടെനിന്ന് നീക്കാനായത്. ഇതിനു കാരണം മറ്റൊരു കടുവ നിലയുറപ്പിച്ചതുകൊണ്ടാണെന്ന് നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നുണ്ട്. കടുവ കൂട്ടിലാകുമ്പോൾ ഉടൻ അവിടെനിന്ന് മാറ്റുന്ന വനം വകുപ്പിന്റെ പതിവാണ് ചൂരിമലയിൽ തെറ്റിയത്.
ആശങ്ക ഒഴിയാതെ ചൂരിമലക്കാർ
സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിനോടു ചേർന്ന പ്രദേശമാണ് ചൂരിമല. ഒരു പരിചരണവുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റിനുള്ളിൽ വന്യമൃഗങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. എസ്റ്റേറ്റിനുള്ളിൽ ഇനിയും കടുവകളുണ്ടെന്നാണ് ഇവർ പറയുന്നത്.
കേരള സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്ത് കൃഷിയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കഴിഞ്ഞദിവസം പുലർച്ച കടുവ ആക്രമിച്ചു കൊന്നുതിന്നിരുന്നു. വീടിനോടു ചേർന്ന തൊഴുത്തിൽനിന്നാണ് പശുക്കിടാവിനെ പിടിച്ച് ബീനാച്ചി എസ്റ്റേറ്റിൽ കൊണ്ടുപോയി തിന്നത്. ബീനാച്ചി എസ്റ്റേറ്റ് കടുവകൾക്ക് ഇഷ്ടസങ്കേതമാകുന്നു.
ചൂരിമലയിൽ എത്തിയ കടുവ ബീനാച്ചി എസ്റ്റേറ്റിൽവെച്ചാണ് പിടിയിലാകുന്നത്. കടുവ ഏതാനും ദിവസമായി ബീനാച്ചി എസ്റ്റേറ്റിൽ തങ്ങുന്നതായി വേണം കണക്കാക്കാൻ. കാപ്പിത്തോട്ടമാണെങ്കിലും വനം പോലെയാണ് ഇപ്പോൾ ബീനാച്ചി എസ്റ്റേറ്റ്. അരുവികളും പാറക്കൂട്ടങ്ങളും ഇതിനകത്ത് ധാരാളമുണ്ട്. മാൻ, കാട്ടാട്, കാട്ടുപന്നി എന്നിവയൊക്കെ വിഹരിക്കുന്നതായാണ് വിവരം. മാനിനെപ്പോലും ഓടിച്ചിട്ട് പിടിക്കാൻ കഴിയാത്ത കടുവകളാണ് എസ്റ്റേറ്റിന് പുറത്തിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നത്.
എസ്റ്റേറ്റിന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ കുറെ വർഷമായി ജനം അരക്ഷിതാവസ്ഥയിലാണ്. ഉടമസ്ഥരായ മധ്യപ്രദേശ് സർക്കാർ എസ്റ്റേറ്റ് വേണ്ടരീതിയിൽ സംരക്ഷിക്കുന്നില്ല. കേരള സർക്കാർ ഇത് ഏറ്റെടുത്താൽ വെട്ടിവെളുപ്പിച്ച് വികസനപരമായ കാര്യങ്ങൾ ചെയ്യാനാവും. ഏറ്റെടുക്കൽ നടപടികൾ ഇപ്പോഴും ശൈശവാവസ്ഥയിൽ തന്നെയാണ്.
വന്യമൃഗശല്യം: തലസ്ഥാനത്ത് എൽ.ഡി.എഫ് സമരം
കൽപറ്റ: വയനാട്ടിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പ്രക്ഷോഭത്തിനൊരുങ്ങി എൽ.ഡി.എഫ്. ഫെബ്രുവരി ഒന്നിന് എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ് മാർച്ച് നടത്തും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്യും. വന്യമൃഗശല്യ നഷ്ടപരിഹാരത്തിന് ഫോറസ്റ്റ് ട്രൈബ്യൂണൽ ആരംഭിക്കുക, വന്യമൃഗശല്യ പരിഹാരത്തിന് തയാറാക്കിയ മാസ്റ്റർപ്ലാൻ നടപ്പാക്കുക, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 50 ലക്ഷം രൂപയായി വർധിപ്പിക്കുക, നഷ്ടപരിഹാരത്തിന് കേന്ദ്രവിഹിതം അനുവദിക്കുക, വനത്തിൽ അധികമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുക, കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രക്ഷോഭം.
ചൂരിമലയിൽ കാടുവെട്ട് തുടങ്ങി
സുൽത്താൻ ബത്തേരി: ചൂരിമലയിൽ ജനവാസ മേഖലയോടു ചേർന്ന കാട് വെട്ടിമാറ്റിത്തുടങ്ങി. ബീനാച്ചി എസ്റ്റേറ്റിനോടു ചേർന്ന പ്രദേശത്താണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തുടങ്ങിയത്. കടുവശല്യവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കാടു വെട്ടിത്തെളിക്കണമെന്നത്. കടുവ പശുക്കിടാവിനെ കൊന്നപ്പോഴും സർവകക്ഷിയോഗം ചേർന്നിരുന്നു.
വർഷങ്ങളായി പ്രവൃത്തികളൊന്നും നടത്താത്ത എസ്റ്റേറ്റിലെ അടിക്കാടുകൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബീനാച്ചി എസ്റ്റേറ്റ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരസിച്ചിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെയാണ് കാട് വെട്ടിമാറ്റാൻ എസ്റ്റേറ്റ് അധികൃതർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.