ബീനാച്ചിക്കാരുടെ പേടിസ്വപ്നമായി കടുവകൾ
text_fieldsസുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ കടുവകൾ തങ്ങുന്നത് പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.
തോട്ടത്തിൽ മാത്രം മൂന്ന് കടുവകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകാർ വലിയ ഭയപ്പാടിലാണ്. ഇത് ഒഴിവാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുമില്ല. ശനിയാഴ്ച വെളുപ്പിനും ഇവിടെ ചില വീട്ടുകാർ കടുവയുടെ മുരൾച്ച കേട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച പകൽ മൂന്ന് കടുവകളാണ് ബീനാച്ചിയിലും പരിസരങ്ങളിലും ഭീതി പരത്തിയത്. കടുവകൾ മറ്റ് കാട്ടിലേക്ക് പോയിട്ടില്ലെന്നാണ് വീണ്ടും കടുവസാന്നിധ്യമുണ്ടായത് തെളിയിക്കുന്നത്.
ബീനാച്ചി എസ്റ്റേറ്റ് 300 ഏക്കറോളമുണ്ടെന്നാണ് മുമ്പ് പുറത്തു വന്ന കണക്കുകൾ. മധ്യപ്രദേശ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള തോട്ടം കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. പ്രവേശന ഗേറ്റ് മാസങ്ങളായി അടഞ്ഞുകിടക്കുന്നു.
തോട്ടത്തിലെ 90 ശതമാനം ഭാഗവും ഇപ്പോൾ വനത്തിന് സമാനമാണ്. ഇതിെൻറ ഒരുഭാഗം ദേശീയപാതയും മറുഭാഗം ബീനാച്ചി– പനമരം റോഡുമാണ്.
ചെതലയം റെയ്ഞ്ചിൽപെട്ട പാമ്പ്ര വനയോരം നാല് കിലോമീറ്ററോളം മാറിയാണ്. അരിവയൽ, വാകേരി, പഴുപ്പത്തൂർ എന്നീ ജനവാസ കേന്ദ്രങ്ങൾ ഇതിനിടയിലാണ്. കടുവകൾക്ക് യഥാർഥ വനമായ പാമ്പ്രയിലേക്ക് നീങ്ങണമെങ്കിൽ ജനവാസ കേന്ദ്രങ്ങളിലൂടെ പോകണം.
ഈ വഴിയായിരിക്കാം ഇവ ബീനാച്ചി തോട്ടത്തിൽ എത്തിയത്. ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കുമ്പോൾ കടുവകൾ തോട്ടത്തിൽ തങ്ങുന്നത് അപകടക്കെണിയാണ്.
കടുവകളെ കൂടു വെച്ച് പിടിക്കാനും മയക്കുവെടിവെക്കാനും ഏറെ നൂലാമാലകൾ ഉണ്ടെന്നാണ് കഴിഞ്ഞദിവസം ചെതലയത്തെ വനപാലകർ പറഞ്ഞത്. കടുവകൾ വർഷങ്ങളായി മധ്യപ്രദേശ് തോട്ടത്തിൽ കഴിയുന്നതായി വേണം കരുതാനെന്നും വനം റെയ്ഞ്ച് ഓഫിസർ പറഞ്ഞു.
ബീനാച്ചിയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി വളർത്തുമൃഗങ്ങളെ കടുവകൾ കൊന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.