ബീനാച്ചി-പനമരം റോഡിൽ യാത്രാദുരിതം ഇരട്ടിച്ചു
text_fieldsസുൽത്താൻ ബത്തേരി: സ്കൂൾ, കോളജുകൾ തുറന്നതോടെ ബീനാച്ചി-പനമരം റോഡിലെ ബസ്യാത്രയിൽ ദുരിതം ഇരട്ടിച്ചു. ചളിക്കുളങ്ങളിലൂടെ നിറയെ യാത്രക്കാരുമായി പോകുന്ന ബസുകൾ അപകടസാധ്യതയും ഉണ്ടാക്കുന്നു. അതേസമയം, റോഡ് നിർമാണം ഇപ്പോൾ കാര്യമായി നടക്കുന്നുമില്ല.
കല്ല് നിരത്തിയ റോഡിൽ ശക്തമായ മഴ പെയ്തതോടെ ചളിക്കുളങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. പഴയ റോഡ് കുത്തിപ്പൊളിച്ചാണ് ഈ രൂപത്തിലാക്കിയത്. നിർമാണം അടുത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ പഴയ റോഡ് തന്നെയായിരുന്നു മെച്ചമെന്ന് ഈ റൂട്ടിലെ സ്ഥിരം വാഹന ഡ്രൈവർമാർ പറയുന്നു.
22 കിലോമീറ്ററിൽ ഏകദേശം അഞ്ചു കിലോമീറ്റർ ഭാഗം മൂന്നു വർഷത്തെ നിർമാണംകൊണ്ട് ടാർ ചെയ്യാനായി. വിരലിലെണ്ണാവുന്ന യന്ത്രങ്ങളും ജോലിക്കാരെയുംവെച്ചാണ് പണി നടക്കുന്നത്. ഓവുചാൽ നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. മരങ്ങൾ, വൈദ്യുതിതൂണുകൾ എന്നിവ മാറ്റിയിട്ടില്ല.
33 സ്വകാര്യ ബസുകളും 12 കെ.എസ്.ആർ.ടി.സി ബസുകളും റോഡ് പണി തുടങ്ങുന്നതിനുമുമ്പ് ഇതുവഴി സർവിസ് നടത്തിയിരുന്നതാണ്. ഇപ്പോൾ പകുതിയോളമേ ഓടുന്നുള്ളൂ. വിദ്യാലയങ്ങൾ തുറന്നതോടെ തിരക്ക് കൂടാൻ ഇത് കാരണമായിട്ടുണ്ട്.
കേണിച്ചിറയിൽ വീടുള്ള ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മണ്ഡലത്തിലെ മറ്റിടങ്ങളിലേക്ക് പോകുന്നത് മിക്കവാറും ഈ റോഡ് വഴിയാണ്. റോഡുപണിയിലെ താളപ്പിഴകൾ പലതവണ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ടാണ് റോഡ് നിർമാണത്തിൽ കുഴപ്പമുണ്ടാക്കിയതെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി പറഞ്ഞിരുന്നു. രണ്ടു മാസം മുമ്പ് പൊതുമരാമത്ത് മന്ത്രിയുടെ റോഡ് സന്ദർശനം ജനം വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. തുടർന്ന് ഒരാഴ്ച വേഗത്തിൽ പണി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.