വനത്തിൽ നിക്ഷേപിക്കുന്നു ഇരുപതിനായിരം വിത്തുണ്ടകൾ
text_fieldsസുൽത്താൻ ബത്തേരി: വനത്തിലെ ജൈവവൈവിധ്യം നിലനിർത്താനായി ഇത്തവണയും വനംവകുപ്പിന്റെ വിത്തുണ്ടയേറ്. വയനാട് വന്യജീവി സങ്കേതത്തിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് കഴിഞ്ഞദിവസം ഇതിന് തുടക്കമായത്. ഇരുപതിനായിരം വിത്തുണ്ടകൾ ഒരാഴ്ചകൊണ്ട് വനത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ലക്ഷ്യം.
മണ്ണ്, വളം എന്നിവയോടൊപ്പം വിത്തുകളും കുഴച്ച് ചെറിയ ബോൾ രൂപത്തിലാക്കും. ഇത് വനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എറിയുകയാണ് ചെയ്യുന്നത്. മുള കൂടാതെ പ്ലാവ്, മാവ്, കുമിഴ്, ഉങ്ങ്, കരിമരുത്, നെല്ലി എന്നിവയുടെ വിത്തുകളും നിക്ഷേപിക്കുന്നുണ്ട്.
വന്യ ജീവികൾക്ക് കാടിനുള്ളിൽ തന്നെ ഭക്ഷണമൊരുക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. എറിയുന്ന വിത്തുകൾ മുളച്ച് കാട്ടിൽ മരങ്ങൾ വളരും. വയനാട് വന്യജീവി സങ്കേതത്തിലെ ഇരുപതോളം വനപാലകരാണ് വിത്തുണ്ട നിർമാണത്തിനും നിക്ഷേപത്തിനുമായി ഇപ്പോൾ ചുമതലയിലുളളത്. മഴക്കാലം തുടങ്ങിയാലും വിത്തുണ്ടയേറ് തുടരുമെന്ന് വനംവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കുറേ വർഷങ്ങളായി വയനാട് വന്യജീവി സങ്കേതത്തിൽ ഇത് നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.