അർബൻ ബാങ്ക് കോഴ ആരോപണം: അന്വേഷണ റിപ്പോർട്ട് ചോർന്നതിനെ ചൊല്ലി വിവാദം
text_fieldsസുൽത്താൻ ബത്തേരി: അർബൻ ബാങ്ക് കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി തയാറാക്കി കെ.പി.സി.സിക്ക് നൽകിയ റിപ്പോർട്ട് ചോർന്നതിനെ ചൊല്ലി വിവാദം. പാർട്ടിയിലെ പല നേതാക്കളുടെയും സ്വാർഥത വ്യക്തമാക്കുന്ന സൂചനകൾ റിപ്പോർട്ടിലുണ്ട്. ചോർന്നത് കെ.പി.സി.സിയിൽനിന്നാണോ ആരോപണവിധേയരായ നേതാക്കളിൽനിന്നാണോ എന്ന ചർച്ചയാണ് ഇപ്പോൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ സജീവമായി നടക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഭദ്രമായ രീതിയിലാണ് കെ.പി.സി.സിയിൽ എത്തിച്ചതെന്നാണ് അന്വേഷണ സമിതി അംഗം ഡി.പി. രാജശേഖരൻ പ്രതികരിച്ചത്.
ചോർന്ന കേന്ദ്രത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രഹസ്യമായി പരാതി കൊടുത്തവർ പലരും ഇപ്പോൾ അബദ്ധംപിണഞ്ഞ അവസ്ഥയിലാണ്. സ്വന്തം കാര്യത്തിനുവേണ്ടിയാണ് പലരും വാദിച്ചതെന്ന് കാണാം. 22 പരാതികളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കുംവേണ്ടി ബാങ്ക് നേതൃത്വത്തെ സമീപിച്ചവർ നിരവധി പേരുണ്ട്. ലക്ഷങ്ങൾ കോഴ കൊടുത്തിരുന്നെങ്കിൽ ഇവർക്കും ജോലി ലഭിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. അണികളെ പരിഗണിക്കാതെ സ്വന്തം കാര്യത്തിനുവേണ്ടിയാണ് പല നേതാക്കളും ശ്രമിച്ചത്.
ആറു തസ്തികകളിലേക്ക് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം തുടങ്ങിയതു മുതൽ പല തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസിൽ ഉണ്ടായത്. ഡി.സി.സി സെക്രട്ടറി ആർ.പി. ശിവദാസിെൻറ പേരിൽ ഇറങ്ങിയ കത്തായിരുന്നു അതിലൊന്ന്. കത്ത് താനല്ല എഴുതിയതെന്ന് ശിവദാസ് വ്യക്തമാക്കിയതോടെ കത്ത് സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ഒരിക്കലും പുറത്തുപോകാൻ സാധ്യതയില്ലാത്ത അന്വേഷണ സമിതി റിപ്പോർട്ട് എങ്ങനെ പുറത്തായി എന്നതാണ് ഏവരും അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.