അര്ബന് ബാങ്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമായി
text_fieldsസുല്ത്താന് ബത്തേരി: അര്ബന് കോഓപറേറ്റിവ് ബാങ്ക് ഭാരവാഹി തെരഞ്ഞെടുപ്പില് വൈസ് ചെയര്മാന് സ്ഥാനാര്ത്ഥിയായി കെ.പി.സി.സി തീരുമാനിച്ച് വിപ്പ് നല്കിയ ശ്രീജി ജോസഫിനെതിരെ റെബലായി മത്സരിച്ച വി.ജെ. തോമസ്, റെബല് സ്ഥാനാർഥിയുടെ പേര് നിർദേശിച്ച ഡയറക്ടര് ബേബി വർഗീസ്, പിന്താങ്ങിയ ഡയറക്ടര് റഷീദ് എന്നിവരെ സംഘടന വിരുദ്ധ പ്രവര്ത്തനം നടത്തിയെന്ന് കാണിച്ച് കോൺഗ്രസ് സസ്പെന്ഡ് ചെയ്തതിന് പുറമെ ഡയറക്ടർമാരെ സഹായിച്ചു എന്ന് ആരോപിച്ച് ബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. സാജനെയും സസ് പെൻഡ് ചെയ്തു.
കെ.പി.സി.സിയുടെ നിർദേശത്തിൽ ഡി.സി.സി പ്രസിഡന്റ് എന്.ഡി. അപ്പച്ചനാണ് ഇത് അറിയിച്ചത്. സസ്പെൻഷനുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെങ്കിലും ബത്തേരിയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്.
ഒരു മുസ്ലിം ലീഗ് അംഗത്തിന്റെ ഉൾപ്പെടെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വി.ജെ. തോമസിന് ഒമ്പത് വോട്ടുകള് ലഭിച്ചപ്പോൾ ശ്രീജിക്ക് നാല് വോട്ടുകളെ ലഭിച്ചുള്ളു. ഡി.പി. രാജശേഖരനെ ചെയർമാനായി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വി.ജെ. തോമസിന് വോട്ട് നൽകിയ മറ്റുള്ളവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിന് ലഭിച്ച ബാങ്ക് ഭരണം തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ തീരുമാനിക്കുന്നതിന് ഡി.സി.സിയിൽ മാരത്തൺ ചർച്ചകൾ നടന്നിരുന്നു. ഡി.സി.സി പ്രസിഡന്റ് നിർദേശിച്ച ആളെ തള്ളിയാണ് ഡി.പി. രാജശേഖരനെ ചെയർമാനാക്കാൻ സമവായത്തിലൂടെ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് വൈസ് ചെയർമാനായി ശ്രീജി ജോസഫിന്റെ പേരും വന്നത്.
എന്നാൽ ബത്തേരിയിലെ പ്രാദേശിക വികാരം ശ്രീജക്കെതിരായതോടെ വോട്ടെടുപ്പ് വേണ്ടിവന്നു. ഡി.സി.സിയുടെ വിപ്പ് അങ്ങനെയാണ് ലംഘിക്കപ്പെട്ടത്. വി.ജെ. തോമസിന്റെ പേര് നിർദേശിച്ച് നടപടി നേരിട്ട ഒരു ഡയറക്ടർ മീനങ്ങാടിയിലെ ബേബി വർഗീസാണ്. മീനങ്ങാടി പഞ്ചായത്തിലെ പ്രധാന യു.ഡി.എഫ് നേതാവായ അദ്ദേഹം ഗ്രാമപഞ്ചായത്ത് അംഗവുമാണ്.
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മീനങ്ങാടി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം. അതിനാൽ ബേബി വർഗീസിനെതിരെയുള്ള നടപടി കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അർബൻ ബാങ്കിൽ ഏതാനും പാർട്ട്ടൈം സ്വീപ്പർമാരുടെ നിയമനം ഇതിനകം തന്നെ നടന്നിട്ടുണ്ട്.
ഭരണസമിതി മാറിയതോടെ ഇവർക്ക് സ്ഥിരമാകാനുള്ള സാധ്യത കുറഞ്ഞു. ഇത് സംബന്ധിച്ചുള്ള വിഷയങ്ങൾ പിന്നാമ്പുറത്ത് പുകയുന്നതായാണ് സൂചന. എം.എൽ.എ ഐ.സി. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും തമ്മിലുള്ള തർക്കം ബാങ്ക് തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ തീരുമാനിക്കുന്ന സമയത്ത് പുറത്തുവന്നിരുന്നു.
കെ.പി.സി.സി നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്ന് ബേബി വർഗീസ്
സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സാഹചര്യത്തിൽ വിഷയം കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് മീനങ്ങാടി പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടറുമായ ബേബി വർഗീസ്. ബാങ്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസ് സ്ഥാനാർഥിക്ക് തന്നെയാണ്.
അക്കാര്യം കെ.പി.സി.സി നേതൃത്വത്തിന് വേണ്ടപോലെ ബോധ്യപ്പെടേണ്ടതുണ്ട്. കെ.പി.സി.സിയുടെ പ്രധാന നേതൃത്വം കാര്യങ്ങൾ പഠിക്കുമെന്നാണ് കരുതുന്നതെന്നും ബേബി വർഗീസ് പറഞ്ഞു.
സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.ആർ. സാജനും കെ.പി.സി.സിയുടെ നടപടിയിൽ അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പിൽ ബാങ്ക് ഡയറക്ടർമാരെ സഹായിച്ചു എന്നാരോപിച്ചാണ് നെന്മേനി പഴൂർ സ്വദേശിയായ സാജനെതിരെ നടപടി. തന്റെ വാർഡിലെ അവസാന പ്രവർത്തകനും തന്നെ വേണ്ടെന്ന് പറഞ്ഞാൽ മാത്രമെ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കൂവെന്ന് സാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.