തകർന്ന പാലം നന്നാക്കിയില്ല; വാണാറമ്പത്തുകാർക്ക് യാത്രാദുരിതം
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാണാറമ്പത്ത് വയലിൽ പാലമില്ലാത്തത് നാട്ടുകാരെ വലക്കുന്നു. പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ തെങ്ങുതടി പുഴക്കു കുറുകെയിട്ട് മഴക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. നല്ല പാലത്തിന്‍റെ അഭാവത്തിൽ മുമ്പ് ആദിവാസി യുവാവ് വീണുമരിച്ച ഭാഗത്തുനിന്ന് അൽപം മാറിയാണ് ഇപ്പോൾ തെങ്ങുപാലം സ്ഥാപിച്ചിട്ടുള്ളത്.
പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് വാണാറമ്പത്തുകുന്ന്. കാരാപ്പുഴയിൽനിന്ന് എത്തുന്ന പുഴ വാണാറമ്പത്തുകുന്നിനു താഴെ കൂടിയാണ് പനമരം പുഴയെ ലക്ഷ്യമാക്കി ഒഴുകുന്നത്. വേനലിൽ ശാന്തസ്വഭാവമുള്ള പുഴ മഴക്കാലത്ത് രൗദ്രഭാവത്തിലാകാറുണ്ട്. അപ്പോഴൊക്കെ പുഴ കടന്നുള്ള യാത്ര അസാധ്യമായതിനാൽ പ്രദേശവാസികൾ ഒറ്റപ്പെടും.
വാണാറമ്പത്തുവയലിൽ ചാതിക്കൊല്ലി ഭാഗത്താണ് മുമ്പ് കോൺക്രീറ്റ് നടപ്പാലമുണ്ടായിരുന്നത്. ഈ പാലത്തിലൂടെ നടക്കുമ്പോഴാണ് ആദിവാസി യുവാവ് കാൽ തെറ്റി പുഴയിൽ വീണ് മരിച്ചത്. മൂന്നുവർഷം മുമ്പ് പ്രളയത്തിൽ ഈ പാലം തകർന്നു. പകരം പാലം സ്ഥാപിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല.
പഴയ പാലത്തിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോൾ പുഴയിലുണ്ട്. പാലത്തിന് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം നാട്ടുകാർക്കില്ല.
അരിമുള കവലയിൽനിന്ന് ഒരു കിലോമീറ്ററുണ്ട് വാണാറമ്പത്തുവയലിലേക്ക്. റോഡ് പുഴയിൽ അവസാനിക്കുന്നു. ഇവിടെനിന്ന് വരദൂരിലേക്ക് ഒന്നര കിലോമീറ്ററേയുള്ളൂ. പാലത്തിന്‍റെയും നല്ല റോഡിന്‍റെയും അഭാവത്തിൽ വരദൂരിൽ എത്തുക എളുപ്പമല്ല. പൂതാടി പഞ്ചായത്ത് പതിനേഴാം വാർഡിലാണ് വാണാറമ്പത്തുകുന്ന്. കണിയാമ്പറ്റ പഞ്ചായത്ത് ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്നു.
അതിനാൽ പ്രദേശം പനമരം ബ്ലോക്ക് പഞ്ചായത്തിലാണ് ഉൾപ്പെടുക. ബ്ലോക്ക് പഞ്ചായത്ത് താൽപര്യമെടുത്താൽ നടപ്പാലമെങ്കിലും പെട്ടെന്ന് യാഥാർഥ്യമാകും. എന്നാൽ, അതിനുള്ള ശ്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.