കാൽനടക്കുപോലും പറ്റാതെ വിക്ടറി ആശുപത്രി-ഡബ്ല്യു.എം.ഒ റോഡ്
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വിക്ടറി ആശുപത്രി- ഡബ്ല്യു.എം.ഒ സ്കൂൾ റോഡ് കാൽനടക്ക് പോലും പറ്റാത്ത അവസ്ഥയിൽ. നിരവധി വാഹനങ്ങളും നൂറുകണക്കിന് ആളുകളും സഞ്ചരിക്കുന്ന ഈ റോഡിന്റെ പരിതാപസ്ഥിതിക്ക് കാരണം അശാസ്ത്രീയമായ നിർമാണമാണ്. ഇന്റർലോക്ക് പതിച്ച് മനോഹരമാക്കിയ റോഡിന്റെ മിക്കയിടത്തും ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. ചിലയിടത്ത് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷനിൽ നിന്നും തുടങ്ങുന്ന റോഡ് ഡബ്ലു.എം.ഒ സ്കൂളിന് മുന്നിലൂടെ പൊലീസ് സ്റ്റേഷൻ റോഡിലാണ് അവസാനിക്കുന്നത്. റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് നഗരസഭ ലക്ഷങ്ങൾ മുടക്കി ഒരു വർഷം മുമ്പ് ഇന്റർലോക്ക് ചെയ്തത്. വെള്ളം ഓവുചാലിലേക്ക് ഒഴുകിപ്പോകുന്ന രീതിയിലുള്ള ചരിവില്ലാത്തതാണ് പ്രശ്നം. പഴയ മാതാ തീയറ്ററിന്റെ മുന്നിൽ ചെറിയ മഴയത്തും റോഡ് കുളം പോലെ ആവുകയാണ്. ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളും മതിലും വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. റോഡിന്റെ പരിതാപ സ്ഥിതി ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.