പൂക്കളാൽ സുന്ദരിയായി വയനാടൻ പട്ടണങ്ങൾ
text_fieldsസുൽത്താൻ ബത്തേരി/പുൽപള്ളി: നടപ്പാതയിലെ കൈവരി പൂച്ചെടികൾ നട്ട് മനോഹരമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത് സുൽത്താൻ ബത്തേരി നഗരത്തിലാണ്. അതോടെ പൂക്കൾ നഗരമെന്ന പെരുമ സുൽത്താൻ ബത്തേരിക്ക് സ്വന്തമായി. ഇപ്പോഴിതാ ചെടി വളർത്തൽ രീതി അനുകരിച്ച് ജില്ലയിലെ കൂടുതൽ ടൗണുകൾ രംഗത്ത്.
കാഴ്ച വിരുന്നൊരുക്കി നവവത്സര ദിനത്തിൽ പുൽപള്ളിയും പൂക്കളുടെ നഗരമായി മാറി. നഗര ശുചീകരണത്തോടൊപ്പം സൗന്ദര്യവത്കരണവും ലക്ഷ്യമാക്കി 'കരിമം നമ്മുടെ പുൽപള്ളി' എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ടൗണിനെ പൂച്ചെടികൾകൊണ്ട് മനോഹരമാക്കിയത്. 13,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് ടൗണിനെ പുഷ്പവത്കരിക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി പുൽപള്ളി താഴെ അങ്ങാടി മുതൽ മേലെ അങ്ങാടി വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും നടപ്പാതയുടെ കൈവരികളിൽ വർണവൈവിധ്യമാർന്ന പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ആയിരത്തോളം ചെടിച്ചട്ടികളാണ് സ്ഥാപിച്ചത്. 50 ഇനങ്ങളിലുള്ള ചെടികൾ ഇക്കൂട്ടത്തിലുണ്ട്. വ്യാപാരികളാണ് പരിചരണം നടത്തുക. ടൗണിൽ ശുചീകരണം നടത്തിയ ഫേസ്ബുക്ക് കൂട്ടായ്മ പ്രവർത്തകർ ട്രാഫിക് ഐലൻഡും കൈവരികളും നിറം നൽകി വൃത്തിയാക്കി. ഇവർ പുൽപള്ളി താഴെ അങ്ങാടി മുതൽ കളനാടിക്കൊല്ലി വരെയും പുൽപള്ളി മുതൽ മുള്ളൻകൊല്ലി വരെയും അരളിച്ചെടി നട്ടിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് സംസാരിച്ചു.
പൂതാടി പഞ്ചായത്ത് ആസ്ഥാനാമായ കേണിച്ചിറയിൽ ഒരുമാസം മുമ്പാണ് നടപ്പാത കൈവരിയിൽ ചെടി വളർത്തൽ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ 50 ചെടിച്ചട്ടികളാണ് സ്ഥാപിച്ചത്. വ്യാപാരികളാണ് മുന്നിട്ടിറങ്ങിയത്. ടൗണിൽ എല്ലായിടത്തും ചെടിച്ചട്ടികൾ സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. സുൽത്താൻ ബത്തേരിയെ പോലെ പൂക്കളും വൃത്തിയുമുള്ള ടൗണാവുകയാണ് ലക്ഷ്യമെന്ന് കേണിച്ചിറയിലെ വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.