ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്
text_fieldsചിക്കാ അബാജുവോ, സന്ദീപ് മാലിക്
സുൽത്താൻ ബത്തേരി: ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും ബംഗളൂരുവിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്. ബംഗളൂരുവിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
കൂട്ടു പ്രതിയായിരുന്ന ടാന്‍സാനിയൻ സ്വദേശി പ്രിന്‍സ് സാംസണ്(25) ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇവരെല്ലാം ബംഗളൂരുവിലെ ഗവ. കോളജില്‍ ബി.സി.എ വിദ്യാര്‍ഥികളാണ്. കുറച്ചു വർഷങ്ങളായി ഇവർ സംസ്ഥാനത്തേക്ക് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി പണമിടപാടുകളും നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ 93.84 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം, ചെറുമുക്ക് സ്വദേശി ഷഫീഖ് പിടിയിലായ സംഭവത്തിൽ തുടരന്വേഷണം നടത്തിയതിലാണ് ഇവരെല്ലാം വലയിലായത്.
സംസ്ഥാനത്ത് ചില്ലറ വില്പന നടത്തുന്നതിനും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമായായിരുന്നു ഷഫീഖ് എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. ഇവരിൽനിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ.പി. രാഘവൻ, സബ് ഇൻസ്പെക്ടർമാരായ കെ.കെ. സോബിൻ, അതുല്‍ മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.