ബത്തേരി ആർട്സ് ആൻഡ് സയൻസ് കോളജ് എവിടെ?
text_fieldsസുൽത്താൻ ബത്തേരി: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിനായി സുൽത്താൻ ബത്തേരിയിലെ വിദ്യാർഥികൾക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതി പരിശോധിച്ചതിനുശേഷം മാത്രമേ കോളജ് ആരംഭിക്കുന്നത് പരിഗണിക്കാവൂ എന്നാണ് ചൊവ്വാഴ്ച നിയമസഭയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ നൽകിയ മറുപടി. ഈ സർക്കാറിെൻറ കാലത്ത് സുൽത്താൻ ബത്തേരിയിൽ കോളജ് യാഥാർഥ്യമാകാനുള്ള സാധ്യത ഇതോടെ മങ്ങി.
2019-20 വർഷത്തെ ബജറ്റിൽ സുൽത്താൻ ബത്തേരിയിൽ സർക്കാർ കോളജ് ഉൾപ്പെടുത്തിയതോടെയാണ് ഇതുസംബന്ധിച്ച പ്രതീക്ഷകൾ ശക്തമാകുന്നത്. താൽക്കാലികമായി കോളജ് തുടങ്ങാൻ കെട്ടിടം വാടകക്കെടുക്കാനും തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ സോണൽ ഓഫിസിൽനിന്നു അധികൃതരെത്തി താൽക്കാലിക കെട്ടിടങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടു. എന്നാൽ, തുടർനടപടികളുണ്ടായില്ല. ബീനാച്ചി, കല്ലൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ റവന്യൂ ഭൂമിയാണ് കോളജ് സ്ഥാപിക്കാൻ പരിഗണനയിൽ വന്നത്. ഏതാനും മാസം മുമ്പ് ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചപ്പോൾ സുൽത്താൻ ബത്തേരിയുടെ പേരില്ലാത്തത് ഏറെ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. എം.എൽ.എയുടെ പിടിപ്പുകേടാണ് കോളജ് വരാത്തതിന് കാരണമെന്ന ആരോപണവുമായി ഇടതു വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.
ഇതോടെ എം.എൽ.എയും പ്രതിരോധത്തിലായി. ആരോപണ പ്രത്യാരോപണങ്ങൾ നീളുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ പണംകൊടുത്ത് പഠനം നടത്താൻ മേഖലയിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും നിർബന്ധിതരാവുകയാണ്.
സുൽത്താൻ ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിൽനിന്നു മാത്രം ഒരു വർഷം ശരാശരി 2500ഓളം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്നുണ്ട്.
ഇവരിൽ ബഹുഭൂരിപക്ഷത്തിനും െറഗുലർ പഠനത്തിന് സാധിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികവർഗക്കാരുള്ള നിയോജക മണ്ഡലമാണ് സുൽത്താൻ ബത്തേരി.
സ്വാഭാവികമായും ഉപരിപഠനത്തിന് യോഗ്യത നേടുന്നവരിൽ പട്ടികവർഗക്കാരും ധാരാളമുണ്ട്. ഇവിടത്തെ കുടിയേറ്റ കർഷക കുടുംബങ്ങളിൽ നല്ലൊരു ശതമാനം ചുരമിറങ്ങിയും മറ്റു സംസ്ഥാനങ്ങളിലും പോയി പഠനം നടത്തുകയാണ്.
കോളജ് വിഷയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത. സ്വാശ്രയ കോളജുകളുടെ അതിപ്രസരം തടയുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്തായിരുന്നു സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സർക്കാർ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായിട്ടായിരുന്നു സർക്കാർ കോളജില്ലാത്ത സുൽത്താൻ ബത്തേരിയും പരിഗണിക്കുന്നത്.
എന്നാൽ, ഫണ്ട് വകയിരുത്തുന്നതിനു മുമ്പ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽനിന്നുപോയി. പിന്നീട് ഇടതു സർക്കാർ ബജറ്റിൽ കോളജ് ഉൾപ്പെടുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.