ബത്തേരി മേഖലയിൽ ഒഴിയാതെ കാട്ടാനശല്യം: നിസ്സഹായതയിൽ കർഷകർ
text_fieldsസുൽത്താൻ ബത്തേരി: ചെതലയം, കുറിച്യാട് റേഞ്ചുകളിൽപെട്ട വനയോര മേഖലകളിലെ കാട്ടാനശല്യം ഒഴിയുന്നില്ല. ചെതലയം, ആറാം മൈൽ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി കാട്ടാനകൾ എത്തുന്നുണ്ട്.
സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കാട്ടാനകൾ നേരം വെളുക്കുന്നതോടെ വനത്തിലേക്കുതന്നെ തിരിച്ചുപോകും. കാട്ടാനശല്യംമൂലം വിളകൾ നഷ്ടപ്പെടുന്ന കർഷകർ നിസ്സഹായതയിലാണ്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയൊക്കെ ഈ ഭാഗത്ത് വൻതോതിൽ നശിപ്പിച്ചു. വനംവകുപ്പ് ജീവനക്കാർ കാവലുണ്ടെങ്കിലും കാട്ടാനകളെ നിയന്ത്രിക്കാനാവുന്നില്ല. വനയോരത്തെ കിടങ്ങും നോക്കുകുത്തിയാകുകയാണ്.
സുൽത്താൻ ബത്തേരി നഗരസഭയുടേയും പൂതാടി പഞ്ചായത്തിന്റേയും അതിർത്തിപ്രദേശമായ വാകേരി ഭാഗത്തും കാട്ടാനശല്യം രൂക്ഷമാണ്. കിടങ്ങും റെയിൽവേലിയും മറികടന്നാണ് ഈ ഭാഗത്ത് ഇറങ്ങുന്നത്. വാകേരി - മൂടക്കൊല്ലി- പാപ്ലശ്ശേരി റോഡിൽ രാത്രി മിക്കപ്പോഴും കാട്ടാനകളെ കാണാം. വാകേരി ഭാഗത്തെ വനമാണ് സുൽത്താൻ ബത്തേരി ടൗണിനടുത്തെ സത്രംകുന്നിലേക്ക് നീളുന്നത്. സത്രംകുന്നിൽനിന്ന് അര കിലോമീറ്റർ മാറിയാൽ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്തെത്തും. ഇവിടെയൊക്കെ കാട്ടാനകൾ ഇടക്കിടെ എത്തുന്നുണ്ട്. നൂൽപുഴ പഞ്ചായത്തിലെ വടക്കനാടാണ് കാട്ടാന പതിവായി ഇറങ്ങുന്ന മറ്റൊരു പ്രദേശം. പണയമ്പം, മറുകര, തോട്ടാമൂല, വള്ളുവാടി എന്നിവ വടക്കനാടിന്റെ പരിസരപ്രദേശങ്ങളാണ്. എല്ലായിടത്തും കാട്ടാന എത്താത്ത ഒരുദിവസംപോലും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തെങ്ങും ചെറിയ മരങ്ങളും കുത്തിമറിച്ചിട്ട് ആന കുപ്പാടി - വടക്കനാട് റോഡിലെത്തും.
കാട്ടാന റോഡിൽ തങ്ങുന്ന പതിവ് അടുത്തകാലത്ത് തുടങ്ങിയതാണ്. വിഷുവിന് രാത്രി സുൽത്താൻ ബത്തേരിയിൽനിന്ന് സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് എത്തിയ നിരവധിപ്പേരെ കാട്ടാനകൾ ഓടിച്ചതായി വടക്കനാട്, പണയമ്പം പ്രദേശത്തുകാർ പറഞ്ഞു. പടക്കം പൊട്ടിച്ചും തീ ആളിക്കത്തിച്ചും ബഹളമുണ്ടാക്കിയും കാട്ടാനകളെ ഓടിക്കുന്ന രീതിയാണ് മിക്കയിടത്തും. ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ല.
ധർണ നടത്തി
മാനന്തവാടി: വനം-വന്യജീവി നിയമത്തിൽ കർഷകർക്ക് സംരക്ഷണം നൽകുന്ന നിയമഭേദഗതി വരുത്തണമെന്ന് കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യവുമായി കർഷകസംഘം മാനന്തവാടി ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സംഘം ജില്ല ട്രഷറർ സി.ജി. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം. വർക്കി, പി.വി. സഹദേവൻ, ജസ്റ്റിൻ ബേബി, എം. റജീഷ്, എൻ.എം. ആന്റണി, കെ. സൈനബ, എം. മുരളി, സണ്ണി ജോർജ്, പി.ആർ. ഷിബു, സി.കെ. ശങ്കരൻ, എ. ജോണി എന്നിവർ സംസാരിച്ചു.
വന്യമൃഗശല്യത്തിനെതിരെ വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് മാർച്ച്
സുൽത്താൻ ബത്തേരി: വന്യമൃഗശല്യത്തിനെതിരെ കേരള കർഷകസംഘം സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് മാർച്ച് നടത്തി. അഖിലേന്ത്യ ട്രഷറർ പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ബേബി വർഗീസ്, എ.വി. ജയൻ, ടി.കെ. രമേഷ്, പി.പി. സ്കറിയ, പി.കെ. സുരേഷ്, പി.കെ. ശ്രീജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.