കൂടല്ലൂരിൽ കാട്ടാനശല്യം രൂക്ഷം; വീട് തകർത്തു
text_fieldsസുൽത്താൻ ബത്തേരി: വാകേരി, മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം. കാടിറങ്ങുന്ന ആനകൾ നാട്ടിലൂടെ ചുറ്റിക്കറങ്ങുകയാണ്. കൃഷിയിടങ്ങളിൽ വൻ നാശമാണ് കാട്ടാനകൾ വരുത്തിവെക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാന കൂടല്ലൂർ മേടാട്ട് കൃഷ്ണന്റെ വീടിന്റെ ഒരുഭാഗം തകർത്തു. വനം വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ആനകൾ വ്യാപകമായി നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
സുൽത്താൻ ബത്തേരി സത്രംകുന്ന് മുതൽ മൂടകൊല്ലി വരെ റെയിൽ വേലി നിർമിച്ചിട്ടുണ്ട്. ഇത് തകർത്താണ് ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഏതാനും വർഷം മുമ്പാണ് റെയിൽവേലി നിർമിച്ചത്. നിർമാണത്തിലെ അപാകത അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും വനം വകുപ്പ് കാര്യമാക്കിയില്ല.
അതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. റെയിൽവേലി തകർത്തും ചാടിക്കടന്നുമാണ് ആനകൾ കാടിന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം വാകേരി രണ്ടാം നമ്പർ തേൻകുഴിയിൽ കാട്ടാന റെയിൽവേലി ചാടിക്കടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തേൻകുഴിക്ക് പുറമെ മറ്റിടങ്ങളിലും റെയിൽവേലി തകർക്കപ്പെട്ടിട്ടുണ്ട്.
കടുവശല്യത്തിന് പേരുകേട്ട സ്ഥലമാണ് മൂടക്കൊല്ലി കൂടല്ലൂർ. നാലുമാസം മുമ്പ് കടുവ യുവാവിനെ കൊന്നുതിന്നത് ഇവിടെ നിന്നാണ്. അന്ന് കാട്ടാനശല്യം ഉണ്ടായിരുന്നില്ല. കടുവ പോയതോടെ കാട്ടാനകൾ ഇറങ്ങാനും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.