റെയിൽ വേലി തകർന്നു; കട്ടയാട് വീണ്ടും കാട്ടാനകളിറങ്ങി
text_fieldsസുൽത്താൻ ബത്തേരി: മുൻസിപ്പാലിറ്റിയിലെ 23-ാം വാർഡിൽപ്പെട്ട കട്ടയാട് ഭാഗത്ത് അഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും കാട്ടാനയിറങ്ങി. ഞായറാഴ്ച രാത്രിയിറങ്ങിയ കാട്ടാന തിങ്കളാഴ്ച പുലർച്ച പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് നാശം വിതക്കുകയായിരുന്നു. നിരവധി പേരുടെ കൃഷിയിടങ്ങളിൽ വലിയ നാശം വരുത്തിയിട്ടുണ്ട്. കാട്ടാനയുടെ മുമ്പിൽ പെടാതെ ജീവൻ തിരിച്ചുകിട്ടിയവരും നിരവധിയാണ്.
തിങ്കളാഴ്ച പുലർച്ചയാണ് കട്ടയാട് പുത്തൻവീട്ടിൽ ശ്യാമള, ലീല എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടാനകൾ കയറിയത്. ശ്യാമളയുടെ 100 കവുങ്ങിൻ തൈകൾ ചവിട്ടി മെതിച്ചു. ലീലയുടെ തോട്ടത്തിൽ തെങ്ങ്, കാപ്പി എന്നിവയാണ് നശിപ്പിച്ചത്. പ്രദേശത്ത് മറ്റ് കൃഷിക്കാരുടെ കൃഷിയിടങ്ങളിലും ഇത്തരത്തിൽ നാശം വരുത്തിയിട്ടുണ്ട്.
അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷമാണ് കട്ടയാട് കാട്ടാനയെത്തുന്നത്. അഞ്ചുവർഷം മുമ്പ് മൂടക്കൊല്ലി മുതൽ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഗാരേജിന് അടുത്ത് വരെ സ്ഥാപിച്ച റെയിൽ വേലിയാണ് കാട്ടാനകളെ തടഞ്ഞിരുന്നത്. രണ്ടുദിവസം മുമ്പത്തെ കാറ്റിലും മഴയിലും കട്ടയാട് ഭാഗത്തെ റെയിൽ വേലി വലിയ മരം വീണ് തകർന്നു. ഇതിലൂടെയാണ് കാട്ടാന കാടിന് പുറത്തിറങ്ങിയത്. റെയിൽ വേലി തകർന്നത് നാട്ടുകാർ അധികൃതരെ അറിയിച്ചുവെങ്കിലും നടപടികൾ എടുത്തില്ല. റെയിൽവേലി തകർന്നു കിടക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലും കാട്ടാന പ്രദേശത്ത് എത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ.
നിര്‍മിത ബുദ്ധിയില്‍ വന്യജീവികളെ തുരത്താം
കൽപറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള നിര്‍മിതി ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് വേലിയാണ് എ.ഐ ഫെന്‍സിങ്. മൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്കാന് കഴിയുന്ന ബുദ്ധിപരമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ-ഫെന്‍സിങ് നിര്‍മിച്ചിരിക്കുന്നത്. ആനയോ മറ്റ് മൃഗങ്ങളോ വേലിയില്‍ തൊടുന്നത് തടയാന്‍ ഇ-വേലിയില്‍ പുതിയ നൂതന പവര്‍ സിസ്റ്റം ഉണ്ട്.
ഇ-വേലി വളരെ ശക്തമാണ്. ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലാഷിങ് ബെല്‍റ്റ് സാങ്കേതിക വിദ്യക്ക് ആനകളെ മനുഷ്യവാസസ്ഥലത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയും. ആനകള്‍ വേലിക്ക് അടുത്ത് വരുമ്പോള്‍ ആനകളെ ഭയപ്പെടുത്താന്‍ സ്വയമേവ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശബ്ദവും വെളിച്ചവും പോലുള്ള സ്വയം പ്രതിരോധ സംവിധാനങ്ങള്‍ ഇ-വേലിയിലുണ്ട്.
കാടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും ആന സാന്നിധ്യത്തെക്കുറിച്ച് റോഡ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇ-വേലിക്ക് സാധിക്കും. ഇ-വേലിയിലെ നൂതന 180 ഡിഗ്രി ക്യാമറ രാത്രിയില്‍ വൈഡ് ആംഗിള്‍ കാഴ്ചയും വര്‍ണക്കാഴ്ചയും നല്‍കും. മൃഗങ്ങളുടെ തിരിച്ചറിയല്‍ ട്രിഗറുകള്‍ പ്രാദേശിക കണ്ട്രോള് റൂമുകളിലേക്കും സെന്‍ട്രല്‍ കണ്ട്രോള് റൂമിലേക്കും മുഴുവന്‍ സമയം ലഭിക്കും. ഇ-വേലിയില്‍ ഒരു വിദൂര നിരീക്ഷണ സാങ്കേതികവിദ്യയുമുണ്ട്, വേലി വിദൂരമായി പരിപാലിക്കാനും നിരീക്ഷിക്കാനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.