വടക്കനാട് കാട്ടാന ശല്യം രൂക്ഷം; സമരത്തിനൊരുങ്ങി നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് കാട്ടാന ശല്യം രൂക്ഷമായി. വർഷങ്ങളായി തുടരുന്ന പ്രശ്നം ഉടൻ പരിഹരിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങൾ പാഴായി. കാർഷികവൃത്തി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. വടക്കനാട്, പള്ളിവയൽ, കരിപ്പൂര്, മണലാടി പ്രദേശങ്ങളിലെ 90 ശതമാനം പേരും കർഷകരാണ്.
തൊട്ടടുത്ത് വനമുള്ളതിനാൽ സന്ധ്യമയങ്ങുന്നതോടെ മൃഗങ്ങൾ എത്താൻ തുടങ്ങും. കാട്ടാന, കാട്ടുപന്നി, മാൻ എന്നിവയാണ് കൂടുതൽ. കാട്ടാനകളാണ് കൃഷിയിടത്തിൽ വലിയ നാശം വരുത്തുന്നത്.
തെങ്ങ്, കവുങ്ങ് എന്നിവ കുത്തിമറിച്ചിടും. കരിക്കും കുലയും ഭക്ഷിക്കാനാണ് തെങ്ങ് മറിച്ചിടുന്നത്. വിവിധ കർഷകരുടെ നൂറുകണക്കിന് തെങ്ങുകൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആനകൾ നശിപ്പിച്ചു.
രണ്ടു മാസത്തോളമായി രണ്ടു കൊമ്പനാനകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വാൽമുറിയൻ ചുള്ളിക്കൊമ്പൻ വീടുകളുടെ മുറ്റങ്ങളിൽ വരെ എത്തും. ഈ ആനയുടെ മുന്നിൽ പെട്ട നിരവധി ആളുകൾക്ക് ഭാഗ്യംകൊണ്ടാണ് ജീവാപായം ഉണ്ടാകാത്തത്. ജനം ജാഗ്രത പാലിക്കുന്നതിനാൽ വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ല.
കാട്ടാനശല്യത്തിനെതിരെ വടക്കനാട്ടെ ജനം സംഘടിച്ച് വലിയ സമരം നടത്തിയത് 2018ലാണ്. അന്ന് പ്രദേശവാസികളൊക്കെ സുൽത്താൻ ബത്തേരി നഗരത്തിലെത്തി സമരം നടത്തി. സമരം ശ്രദ്ധിക്കപ്പെട്ടു. 34 കിലോമീറ്റർ വനയോരത്ത് കാട്ടാന പ്രതിരോധത്തിനുള്ള നടപടികളാണ് വേണ്ടത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഗ്ദാനങ്ങൾ വടക്കനാട്ടുകാർക്ക് ഏറെ കിട്ടി. സമരം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. ആനശല്യം ഇപ്പോഴും രൂക്ഷമായി തുടരുമ്പോഴാണ് വീണ്ടുമൊരു സമരത്തിന് നാട്ടുകാർ ഒരുക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.