വനയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം; നിസ്സംഗതയിൽ വനംവകുപ്പ്
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ വനയോര മേഖലകളിൽ കാട്ടാനശല്യം മുമ്പൊന്നുമില്ലാത്ത വിധം രൂക്ഷമാകുമ്പോൾ വനംവകുപ്പ് നിസ്സംഗതയിൽ. കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത ചുറ്റുപാടാണെന്ന് വിവിധ പ്രദേശങ്ങളിലുള്ളവർ പറയുന്നു. ജനം സംഘടിച്ച് സമരം നടത്താനുള്ള ഒരുക്കങ്ങളും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.
നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്, കരിപ്പൂര്, വള്ളുവാടി എന്നിവിടങ്ങളിൽ കാട്ടാന സ്ഥിരമായി എത്തുന്നു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങി എല്ലാം നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളുവാടി താഴെപ്പാടം ഭാഗത്ത് നൂറുകണക്കിന് വാഴകളും കവുങ്ങും കാട്ടാനകൾ നശിപ്പിച്ചിരുന്നു. ഇവിടത്തെ ഏലിയാസ് എന്ന കർഷകന് വലിയ നഷ്ടമുണ്ടായി. വടക്കനാട് ഒരു വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന വലിയ നാശം വരുത്തിയത് ഒരാഴ്ച മുമ്പാണ്.
കിടങ്ങ്, വൈദ്യുതി വേലി എന്നിവയൊക്കെ മറികടന്നാണ് കാട്ടാനകൾ പുറത്തിറങ്ങുന്നത്. വൈദ്യുതി വേലി സോളാറിലാണ് പ്രവർത്തിപ്പിക്കുന്നത്. വേലിയുടെ താഴ്ഭാഗത്തെ കമ്പികൾ കാടുമുടി കിടക്കുന്നതിനാൽ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പലയിടത്തും കമ്പികൾ കെട്ടുപിണഞ്ഞു കിടക്കുന്നതും പ്രശ്നമാണ്. അതുപോലെ വനത്തോടനുബന്ധിച്ചുള്ള ചില ഗേറ്റുകളും ആന തകർത്തിട്ടുണ്ട്. അതും യഥാസമയം നന്നാക്കുന്നില്ല. ഈസ്റ്റ് ചീരാലിനടുത്തെ മുണ്ടക്കൊല്ലിയിലും അടുത്തകാലത്തായി കാട്ടാന ശല്യം അതിരൂക്ഷമാണ്. മൂന്ന് ആനകളാണ് ഈ മേഖലയിൽ സ്ഥിരമായി എത്തുന്നത്. വനത്തിൽനിന്ന് മുണ്ടക്കൊല്ലി വഴി എത്തുന്ന ഈ ആനകൾ ബത്തേരി-പാട്ടവയൽ റോഡിൽ എത്തും. മുണ്ടക്കൊല്ലിയിൽനിന്ന് ഓടക്കൊല്ലി ഭാഗത്തേക്കുള്ള ഗേറ്റ് അടുത്തിടെ കാട്ടാനകൾ തകർത്തിരുന്നു. ഈ ഭാഗത്ത് കിടങ്ങുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. ഗേറ്റിനു സമീപത്തുകൂടെ ആനകൾ സ്ഥിരമായി പുറത്തിറങ്ങാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.