യു.ഡി.എഫ് കോട്ടയിൽ വിള്ളലുണ്ടാകുമോ? വർധിച്ച പ്രതീക്ഷയിൽ ഇടതുപക്ഷം
text_fieldsസുൽത്താൻ ബത്തേരി: യു.ഡി.എഫിന്റെ കോട്ട എന്നാണ് സുൽത്താൻ ബത്തേരി മണ്ഡലത്തെ പൊതുവെ അറിയപ്പെടുന്നത്. ഇത്തവണ വലിയ പ്രചാരണം നടത്തി മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുമോ എന്നതാണ് ഇടതുപക്ഷം ശ്രമിച്ചത്.
വോട്ട് പരമാവധി തങ്ങളുടെ പെട്ടിയിലാക്കാനുള്ള വലിയ ശ്രമങ്ങൾ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി കക്ഷികൾ സുൽത്താൻ ബത്തേരിയിൽ നടത്തിയിരുന്നു. 72.52 ശതമാനമാണ് ഇത്തവണ സുൽത്താൻ ബത്തേരിയിലെ വോട്ടിങ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ശതമാനത്തിൽ ചെറിയ കുറവുണ്ടെങ്കിലും ആ കുറവ് ഏതു രാഷ്ട്രീയ പാർട്ടിയെയാണ് കാര്യമായി ബാധിക്കുന്നത് എന്നത് കണ്ടറിയണം.
യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമായതിനാൽ വോട്ടിങ് ശതമാനത്തിലെ കുറവ് രാഹുൽ ഗാന്ധിയെ ബാധിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പുകളിലുണ്ട്.
പൂതാടി, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പുൽപള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുമാണ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നത്. പൂതാടി, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, മുള്ളൻകൊല്ലി, പുൽപള്ളി എന്നിവിടങ്ങളിൽ യു.ഡി.എഫ് ആണ് ഭരിക്കുന്നത്.
അമ്പലവയലിൽ മാത്രമാണ് ഇടത് ഭരണം. ഇപ്പോൾ യു.ഡി.എഫ് ഭരിക്കുന്ന മണ്ഡലങ്ങളിലൊക്കെ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ട്. രാഹുൽ ഗാന്ധിയെ അപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമായിരുന്നു ആനി രാജ നടത്തിയത്.
നഗരത്തിൽ റോഡ് ഷോ നടത്തി വോട്ടർമാരിൽ സ്വാധീനം ചെലുത്താനുള്ള ശ്രമവും ആനി രാജ നടത്തി. മുനിസിപ്പാലിറ്റി ആകുന്നതിനുമുമ്പ് സുൽത്താൻ ബത്തേരി യു.ഡി.എഫ് കോട്ടയായിരുന്നു.
ആ വോട്ടുകൾ ഇടതുപക്ഷത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫ് നടത്തുകയുണ്ടായി. ബി.ജെ.പിക്ക് വലിയ സ്വാധീനം ബത്തേരിയിൽ ഇല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ എൻ.ഡി.എയുടെ സി.കെ. ജാനുവിന്റെ പ്രകടനം ദയനീയമായിരുന്നു. 9.08 ശതമാനം ആണ് ജാനുവിന്റെ സുൽത്താൻ ബത്തേരിയിലെ വോട്ട് നില. എൻ.ഡി.എയിലെ തർക്കങ്ങളാണ് വോട്ട് വളരെ കുറയാൻ കാരണം.
ഇത്തവണ സംസ്ഥാന പ്രസിഡന്റ് എത്തിയതോടെ ഫ്ലക്സുകൾ ഉൾപ്പെടെ പണക്കൊഴുപ്പുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. ബത്തേരിയിലെ കിറ്റ് വിവാദം ബി.ജെ.പിക്ക് മണ്ഡലത്തിൽ വലിയ തിരിച്ചടി ആകാനുള്ള സാധ്യതയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.