തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ്; ആശങ്കയിൽ കര്‍ഷകര്‍
text_fieldsസുല്‍ത്താന്‍ബത്തേരി: കുരുമുളകും കവുങ്ങും ഉൾപെടെ പല കൃഷികളും നാശോന്മുഖമായ ജില്ലയിൽ പലയിടങ്ങളിലും തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം പടർന്നതോടെ കര്‍ഷകര്‍ ആശങ്കയിൽ. തെങ്ങോലകളില്‍ മഞ്ഞനിറം ബാധിക്കുന്നതോടെയാണ് മഞ്ഞളിപ്പിന്റെ തുടക്കം. തുടർന്ന് കൂമ്പടഞ്ഞുപോകുകയും പിന്നീട് തെങ്ങ് ഉണങ്ങിപ്പോകുകയുമാണ്.
തോട്ടത്തില്‍ ഒരു തെങ്ങിന് രോഗം ബാധിച്ചാലും പ്രതിരോധ മാർഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പേ മറ്റു തെങ്ങുകളിലേക്കും ഇവ അതിവേഗം വ്യാപിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. നൂൽപ്പുഴ പിലാക്കാവ് മേഖലയിലെ തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം വ്യാപകമായിട്ടുണ്ട്. പിലാക്കാവിലുള്ള ഊരാളിക്കോളനിയിലെ മിക്ക തെങ്ങിലും മഞ്ഞളിപ്പ് രോഗം ബാധിച്ചുകഴിഞ്ഞു.
മഞ്ഞളിപ്പിന് പുറമെ തെങ്ങുകളില്‍ വെള്ളീച്ചയുടെ ശല്യവും രൂക്ഷമാണെന്ന് കർഷകർ പറയുന്നു. ഇളംഓലകളടക്കം ഉണങ്ങിവീഴുകയാണ്. വനാതിര്‍ത്തിയിലുള്ള ഊരാളി കോളനിയിൽ വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളില്‍നിന്ന് ഏറെ പാടുപെട്ട് സംരക്ഷിച്ചു വളര്‍ത്തിയ തെങ്ങുകളിലാണ് ഇപ്പോള്‍ മഞ്ഞളിപ്പ് രോഗബാധയുണ്ടായിരിക്കുന്നത്. ജില്ലയിൽ കവുങ്ങുകളിൽ മഹാളി രോഗം വ്യാപകമാണ്. അപ്പോഴും ഒറ്റപ്പെട്ട തെങ്ങുകൾക്ക് മാത്രമേ കൂമ്പുചീയൽ പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ, പിലാക്കാവ് പ്രദേശത്ത് കവുങ്ങുകളെ ബാധിക്കുന്നതുപോലെ തെങ്ങുകൾ ഒന്നടങ്കം മഞ്ഞളിപ്പ് രോഗം ബാധിച്ച് നശിച്ചുപോവുന്നത് ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടക്കത്തിലേ തടഞ്ഞില്ലെങ്കിൽ കൃഷിതന്നെ നാശോന്മുഖമാവുമെന്നാണ് കർഷകരുടെ ആശങ്ക. രോഗം ബാധിക്കുന്നതോടെ കായ് ഫലം കുറഞ്ഞുതുടങ്ങുകയാണ്. മഞ്ഞളിപ്പ് വരുന്നതിനു പിന്നാലെ തേങ്ങകൾ കൊഴിയുന്നു.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. മണ്ണിന്റെ ധാതുലവണ, മൂലക ഘടന പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.