‘പിറകിലൂടെ വന്ന് അടിച്ചുവീഴ്ത്തി'; കാട്ടാനയിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സുബൈർ കുട്ടി
text_fieldsസുൽത്താൻ ബത്തേരി: വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടടുത്ത സമയത്താണ് തമ്പി എന്ന സുബൈർ കുട്ടിയെ കാട്ടാന ആക്രമിച്ചത്. തട്ടുകടയിൽ നിന്നും കട്ടൻ ചായ കുടിച്ച് പാതയോരത്ത് കൂടെ നടക്കുന്നതിനിടെ പിറകിൽ വലിയ നിഴൽ കണ്ട് തിരിഞ്ഞു നോക്കാൻ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നുവെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിയ സുബൈർ കുട്ടി പറഞ്ഞു. വീഴ്ചയിൽ കാൽമുട്ട് ചെറുതായി പൊട്ടി. പറ്റാവുന്ന രീതിയിൽ ഉരുണ്ടു മാറി. നടപ്പാതയിലെ കൈവരിയും ചെടികളും കാരണം ആനക്ക് സൗകര്യത്തിന് സുബൈർ കുട്ടിയെ ചവിട്ടാൻ കഴിഞ്ഞില്ലെന്നു വേണം സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ.
എസ്.ബി.ടി, രാഗം തിയറ്റർ റോഡിലൂടെ മുള്ളൻകുന്ന് ഭാഗത്തേക്കാണ് ആന തിരിച്ചു പോയത്. പൊതുവെ ആന ആക്രമണകാരിയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കട്ടയാട്, സത്രംകുന്ന് എന്നിവിടങ്ങളിലൊക്കെ ഈ ആന എത്തിയതായി പ്രദേശവാസികൾ പറയുന്നുണ്ട്. മുള്ളംകുന്ന് അഞ്ചുമ്മൽ ഇസഹാക്ക്, മുൻ നഗരസഭ ചെയർമാൻ ടി.എൽ.സാബു എന്നിവരുടെ വീടിനടുത്ത് വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഈ ആന എത്തിയിരുന്നു. അവിടെ നിന്ന് പടക്കം പൊട്ടിച്ച് തൊട്ടടുത്ത കാട്ടിലേക്ക് ഓടിച്ചു. പിന്നീട് തിരിച്ച് ഒരു മണിയോടെ ആന ടൗണിലേക്ക് നീങ്ങുകയായിരുന്നു.
ടൗണിൽ പഴയ ജയ ഹോട്ടൽ നിന്നിരുന്ന ഭാഗത്തെ പാർക്കിങ് ഏരിയയിൽ അൽപ സമയം നിന്നു. തൊട്ടടുത്തുള്ള ആവണക്ക് തോട്ടത്തിലും കയറി. അതിന് ശേഷമാണ് ടൗണിൽ ദേശീയ പാതയിലൂടെ നടന്നത്. പുലർച്ചെ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും ആനയുടെ മുമ്പിൽ പെടാത്തത് ഭാഗ്യം കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.