നീലഗിരിയിൽ പുതിയ കലക്ടറെ നിയമിക്കാൻ സുപ്രീംകോടതി അനുമതി
text_fieldsഗൂഡല്ലൂർ: നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യക്ക് പകരം പുതിയ കലക്ടറെ നിയമിക്കാൻ സുപ്രീംകോടതി തമിഴ്നാട് സർക്കാറിന് അനുമതി നൽകി. 2017ലാണ് ഇവർ നീലഗിരി ജില്ല കലക്ടർ ആയി ചുമതലയേറ്റത്. അഞ്ചുവർഷമായി ജില്ല ഭരണം നടത്തിവരുന്ന ഇവരെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാവുന്നത് വരെ ഇവരെ കലക്ടർ ചുമതലയിൽനിന്ന് മാറ്റരുതെന്ന് സുപ്രീംകോടതിയിൽ ആന രാജേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്നാണ് 2019ൽ കോടതി കലക്ടറെ സ്ഥലം മാറ്റരുതെന്ന് ഉത്തരവിട്ടത്. ആനത്താര വീണ്ടെടുക്കൽ നടപടികളുടെ ഭാഗമായി മസിനഗുഡി മേഖലയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടങ്ങൾ പോലും അനധികൃതമാണെന്ന് കണ്ടെത്തി സീൽ ചെയ്തിരുന്നു.
അതുപോലെ ജില്ലയിലെ പല കെട്ടിടങ്ങളും സീൽ ചെയ്യുകയും പൊളിക്കുകയും ചെയ്തു. എന്നാൽ, രണ്ടു വർഷമായിട്ടും ആനത്താരയുടെ അവസ്ഥ പഴയപടി തന്നെയാണ്. അതേസമയം, ജനദ്രോഹ നടപടികളുടെ പേരിൽ ഇവർക്കെതിരെ സാധാരണക്കാർക്കിടയിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
വീടുകൾ പുനർനിർമിക്കാൻ പോലും അനുവാദത്തിനായി കാലതാമസം വരുത്തുന്നതായി പരാതി ഉയർന്നിരുന്നു. പൊതു ആവശ്യങ്ങളായ റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തീകരിക്കാൻ അനുമതി നൽകുന്നില്ലെന്നും പരാതി ഉയർന്നു. കോവിഡ് ലോക്ഡൗണിെൻറ പേരിൽ ഇതരസംസ്ഥാന സഞ്ചാരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ദുരിതത്തിലാക്കി. അന്തർസംസ്ഥാന ബസ് സർവിസുകൾക്കും ഇതുവരെ അനുമതി നൽകിയിട്ടില്ല. എല്ലാതലത്തിലും ഇവർക്കെതിരെയുള്ള എതിർപ്പ് ശക്തമായെങ്കിലും കോടതി ഉത്തരവ് കാരണം സർക്കാറിന് ഇവരെ മാറ്റാൻ കഴിയാത്ത അവസ്ഥയായിരുന്നു.
തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമത്തിൽ 16 എ ഉൾപ്പെടുത്തിയതും വിമർശന വിധേയമായി. അതിനുള്ള അധികാരം അവർക്ക് ആരാണ് നൽകിയതെന്ന് ഗൂഡല്ലൂർ സന്ദർശിച്ച പ്രതിപക്ഷ നേതാവ് സെൽവ് പെരിന്തകൈ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. വിഷയം മുഖ്യമന്ത്രി സ്റ്റാലിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരിയും വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയായി കലക്ടർ അവധിയിലായിരുന്നു. ഇതിനിടെയാണ് സർക്കാർ, നയങ്ങളുമായി മുന്നോട്ടുപോകാൻ കലക്ടറെ മാറ്റേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചതും അവരെ മാറ്റാൻ കോടതി ഇപ്പോൾ അനുവാദം നൽകിയിരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.